നടനും എം പിയുമായ ഇന്നസെന്റ് സെറ്റിലെത്താന്‍ കാത്തിരിക്കാറുണ്ടായിരുന്നെന്ന് മഞ്ചു വാരിയര്‍. 'നിഷ്‌കളങ്കന്‍ എം പി' എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്നസെന്റിന്റെ നാവില്‍ നിന്നും വരുന്ന നേരമ്പോക്കുകള്‍ക്കും തമാശകള്‍ക്കും ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നും ഓരോ ദിവസവും സെറ്റില്‍ അദ്ദേഹത്തിന്റെ വരവിനായി താന്‍ നോക്കിയിരിക്കുമായിരുന്നെന്നും മഞ്ജു കുറിപ്പില്‍ പറയുന്നു.
'ഇന്നസെന്റ്' എന്നത് ഒരു സ്വഭാവവിശേഷമാണ്. നമ്മള്‍ മലയാളികള്‍ അതിന് നിഷ്കളങ്കത എന്നു പറയുന്നു. പക്ഷേ ഇന്നസെന്റ് എന്ന വാക്കുകേള്‍ക്കുമ്പോള്‍ നമുക്ക് ഒരേയൊരു മുഖം മാത്രമേ ഓര്‍മവരൂ. പലപ്പോഴും ആലോചിച്ചിട്ടുണ്ട്,ഇന്നസെന്റേട്ടന് ആ പേര് എങ്ങനെ കിട്ടിയെന്ന്..ജീവിതത്തെ നിഷ്കളങ്കമായി നേരിടുന്ന ഒരാള്‍ക്ക് ആ പേരല്ലാതെ മറ്റെന്താണ് യോജിക്കുകയെന്നും..
'എന്നും എപ്പോഴും' എനിക്ക് ആ നിഷ്കളങ്കതയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നസെന്റേട്ടനോടൊന്നിച്ച് ഒരു സിനിമ. ഇതിനിടയ്ക്ക് കാലം അദ്ദഹത്തെ ഒന്ന് നുള്ളിനോവിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെയും ഭാര്യ ആലീസേച്ചിയുടെയും അസുഖത്തിന്റെ രൂപത്തില്‍. പക്ഷേ അതൊന്നും ഇന്നസെന്റേട്ടനെ ഏശിയിട്ടില്ലെന്ന് സെറ്റിലെ ഓരോ നിമിഷവും തെളിയിച്ചുതന്നു. ഇപ്പോഴത്തെ ഇന്നസെന്റേട്ടന് എം.പി. എന്ന വാക്കിന്റെ അകമ്പടികൂടിയുണ്ട്. ചാലക്കുടിയില്‍ അദ്ദേഹം ജയിച്ചപ്പോള്‍ തോറ്റത് കാന്‍സര്‍ കൂടിയാണ്. അസുഖം ഒന്നിന്റെയും അവസാനമല്ലെന്നും മറിച്ച് പലതിന്റെയും തുടക്കമാണെന്നും എം.പി.യായ ഇന്നസെന്റ് പറഞ്ഞുതരുന്നു. ആ നാവില്‍നിന്ന് വീഴുന്ന നേരമ്പോക്കുകള്‍ക്ക് ഒരു മാറ്റവും ഇല്ല. ഓരോ ദിവസവും അദ്ദേഹം വരാനായി നോക്കിയിരിക്കുമായിരുന്നു. വന്നാല്‍ പിന്നെ വെടിക്കെട്ടാണ്. ഇപ്പോള്‍ പാര്‍ലമെന്റിലെയും തിരഞ്ഞെടുപ്പിലെയും പൊതുയോഗങ്ങളിലെയും വിശേഷങ്ങളാണ് പ്രധാന തിരക്കഥ. നമുക്ക് ഷൂട്ടിങ്ങില്ലെങ്കിലും ഇന്നസെന്റേട്ടന്‍ സെറ്റിലുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ട് ഓടിച്ചെല്ലാന്‍ ധൃതിയാകും. ജീവിതത്തെ എങ്ങനെ കാണണമെന്ന് പഠിപ്പിച്ചു തരുന്ന പുസ്തകം കൂടിയാണ് എനിക്ക് ഇന്നസെന്റേട്ടന്.