ഒപ്പം അഭിനയിക്കുന്ന താരങ്ങളുടെ പെര്‍ഫോമന്‍സാണ് ഏതൊരു അഭിനേതാവിനെയും കൂടുതല്‍ മികച്ച പ്രകടനത്തിന് പ്രചോദിപ്പിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും അങ്ങനെയാണ്. കൂടെ അഭിനയിക്കുന്നവര്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ പുലികളാണെങ്കില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സും വേറെ ലെവലിലെത്തും. അതുകൊണ്ടുതന്നെ മമ്മൂട്ടിയെപ്പോലെയുള്ള താരങ്ങള്‍ എപ്പോഴും തനിക്കൊപ്പം ഫ്രെയിമില്‍ മികച്ച അഭിനേതാക്കള്‍ ഉണ്ടാകാന്‍ താല്‍പ്പര്യപ്പെടാറുണ്ട്.
ചിത്രത്തിലെ നായിക ആരാണെന്നോ അവര്‍ എത്ര ഗ്ലാമറുള്ളവരാണെന്നോ ഏത് ഭാഷയില്‍ നിന്നുള്ളവരാണെന്നോ ഒന്നും മമ്മൂട്ടി നോക്കാറില്ല. എന്നാല്‍ തന്‍റെ ചിത്രത്തിലെ നായികയ്ക്ക് അഭിനയഗുണമുണ്ടായിരിക്കണമെന്നതില്‍ അദ്ദേഹത്തിന് അല്‍പ്പം നിര്‍ബന്ധമുണ്ട്. ‘തനിക്കൊപ്പം അഭിനയിക്കുന്ന നായിക ശരിയല്ലെങ്കില്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്നും അപ്പോള്‍ തന്‍റെ അഭിനയം പോലും കൈവിട്ടുപോകുമെന്നും’ മമ്മൂട്ടി പലപ്പോഴും പറയാറുള്ളതായി അടുത്തിടെ എസ് എന്‍ സ്വാമി പറഞ്ഞിരുന്നു.
‘പുതിയ നിയമം’ എന്ന ചിത്രത്തില്‍ നയന്‍താര നായികയായാല്‍ നന്നായിരിക്കും എന്ന് സജഷന്‍ വച്ചത് മമ്മൂട്ടിയാണ്. അത് അവരുടെ ഇമേജോ ഗ്ലാമറോ മറ്റ് ഭാഷകളിലെ താരമൂല്യമോ ഒന്നും നോക്കിയായിരുന്നില്ല. ആ ചിത്രത്തിലെ വാസുകി എന്ന നായികാ കഥാപാത്രം കടന്നുപോകുന്ന സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളെ സ്ക്രീനില്‍ ആവാഹിക്കാന്‍ ആക്‍ടിംഗ് പവര്‍ഹൌസ് ആയ ഒരു നായിക വേണമെന്ന് മമ്മൂട്ടിക്ക് അറിയാമായിരുന്നു. നയന്‍താരയാണ് അതിന് ഏറ്റവും മികച്ചതെന്നും മമ്മൂട്ടി വിശ്വസിച്ചു. ആ വിശ്വാസം തെറ്റിയില്ല. പുതിയ നിയമം എന്ന ചിത്രം കണ്ടവര്‍ക്കറിയാം, നയന്‍താര അതില്‍ എന്താണ് ചെയ്‌തിരിക്കുന്നതെന്ന്!
ഉജ്ജ്വലമായി അഭിനയിക്കുന്ന നായികമാര്‍ക്കൊപ്പം മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരമാകും. സീമ, ശോഭന, സുഹാസിനി, ഉര്‍വശി തുടങ്ങി എത്രയോ പേര്‍ക്കൊപ്പം ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ മമ്മൂട്ടി നല്‍കിയിട്ടുണ്ട്. ഇനി മഞ്ജു വാര്യരുടെ ഊഴമാണ്. അടുത്തുതന്നെ ഒരു ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന ആ സിനിമ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.