പുതിയ സംഘടനാ രൂപീകരണത്തിന് പിന്നിൽ ദിലീപ്: ലിബർട്ടി ബഷീർ

വ്യാഴം, 12 ജനുവരി 2017 (15:03 IST)
സിനിമ മേഖലയിലെ സമരത്തെ തുടർന്ന് അരങ്ങേറുന്ന പ്രതിഷേധങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ നടൻ ദിലീപിനെതിരെ ആരോപണങ്ങളുമായി ലിബർട്ടി ബഷീർ രംഗത്ത്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന്‍ ദിലീപ് ആണ്. തിയറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ദിലീപ് കേരളത്തിലെ പല തിയറ്റർ ഉടമകളെയും വിളിച്ചു പുതിയ സംഘടനയെ കുറിച്ചു സംസാരിച്ചതിന്റെ തെളിവുണ്ടെന്നും ലിബര്‍ട്ടി ബഷീർ കൂട്ടിച്ചേർത്തു. 
 
മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ തിടുക്കം. ജനുവരി 19 മുതൽ സിനിമകൾ റിലീസ് ചെയ്യും. ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തിയറ്ററുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
 
മലയാള ചിത്രം പ്രദർശിപ്പിക്കാതെ അന്യഭാഷാ ചിത്രം പ്രദർശിപ്പിക്കുന്നതിനെ കുറിച്ച് സിദ്ദിഖ്, ഇന്നസെന്റ്, അടൂർ ഗോപാലകൃഷ്ണൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർ മറുപടി പറയണം. കോർപ്പറേറ്റുകളുടെ പിടിയിലാണ് ഇന്ന് മലയാള സിനിമ. ഇപ്പോഴത്തെ പ്രതിസന്ധിക്കു പുറകിൽ സൂപ്പർ സ്റ്റാറുകൾക്ക് പങ്കുണ്ടെന്നാണ് ലിബർട്ടി ബഷീർ ആരോപിക്കുന്നത്.

വെബ്ദുനിയ വായിക്കുക