നടൻ കെടിസി അബ്ദുള്ള അന്തരിച്ചു
സിനിമ - നാടക രംഗത്ത് സജീവസാന്നിധ്യമായ കെടിസി അബ്ദുള്ള (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30നു മാത്തോട്ടം പള്ളി കബര്‍സ്ഥാനില്‍ നടക്കും.
രോഗബാധിതനായ അബ്ദുള്ളയെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1977-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ അബ്ദുള്ളയുടെ മികച്ച വേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത ഒരു അറബിക്കഥയിലെ പ്രവാസിയായ കഫെറ്റീരിയ ഉടമ അബ്ദുല്ലയുടേതാണ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ രണ്ടാനച്ഛനായും ശ്രദ്ധനേടി.
അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് അബ്ദുള്ളയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാനു സമദ് സംവിധാനം ചെയ്യുന്ന 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.