സമ്പൂർണ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്ന് മലയാളികൾ വീമ്പു പറയുമ്പോഴും അതേ മലയാളികളുടെ സാംസ്കാര ശൂന്യതയും സ്ത്രീ വിരുദ്ധതയും എത്രത്തോളമുണ്ടെന്ന് മനസ്സിലാകണമെങ്കിൽ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഒന്നു കയറിയാൽ മതി. നട്ടെല്ലും നിലപാടുമുള്ള സ്ത്രീകളോട് പ്രമുഖര്‍ പോലും പ്രതികരിക്കുന്ന രീതി വളരെ ദയനീയം ആണ്.
സൈബർ ആക്രമണത്തിനിരയായ സ്ത്രീകളുടെ പട്ടികയിൽ ഇപ്പോൾ പാർവതിയാണ് ഉള്ളത്. കസബയെന്ന മമ്മൂട്ടി ചിത്രത്തേയും ചിത്രത്തിലെ സ്ത്രീ വിരുദ്ധതയേയും വിമർശിച്ചതാണ് പാർവതി ചെയ്ത മഹാഅപരാധമെന്ന രീതിയിലാണ് സംസാരം. പാർവതിക്കെതിരെ പരോക്ഷമായ രീതിയിൽ രംഗത്തെത്തിയ സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്.
ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ എന്നാണ് കസബയെ വിമർശിച്ച പാർവ്വതിയെ പരോക്ഷമായി ഉന്നം വെച്ച് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിരുന്നു.
കണ്ടം വഴി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പാര്‍വ്വതിയെ വീണ്ടും പരിഹസിച്ച് ജൂഡ് നല്‍കിയ മറുപടി. എന്നാലീ മറുപടിക്ക് സോഷ്യല്‍ മീഡിയ കണക്കിന് കൊടുത്തു. ഓടുന്ന പെൺകുട്ടി പാർവ്വതിയല്ല, മറിച്ച് വിഗ് വെച്ച് കണ്ടം വഴി ഓടുന്ന ജൂഡ് തന്നെയാണ് എന്ന തരത്തിൽ ട്രോളുകളുമിറങ്ങി.