Pradeep Ranganathan: രണ്ട് സിനിമകൾ 100 കോടി നേടി, എന്നിട്ടും പ്രതിഫലം കൂട്ടാതെ പ്രദീപ്; താരം വാങ്ങുന്നത് എത്ര കോടി?

നിഹാരിക കെ.എസ്

വെള്ളി, 17 ഒക്‌ടോബര്‍ 2025 (15:59 IST)
തമിഴകത്തെ പുത്തൻ താരോദയമാണ് പ്രദീപ് രംഗനാഥൻ. സംവിധായകനായാണ് പ്രദീപ് കടന്നു വരുന്നത്. രവി മോഹൻ നായകനായ കോമാളിയായിരുന്നു ആദ്യ സിനിമ. പിന്നാലെ ലവ് ടുഡെ എന്ന ചിത്രത്തിലൂടെ നായകനായി. ചിത്രം അപ്രതീക്ഷിത വിജയമായി മാറി. പിന്നാലെ വന്ന ഡ്രാഗണും ബ്ലോക് ബസ്റ്ററായി. 
 
രണ്ട് സിനിമകളുടെയും സൂപ്പർവിജയം തമിഴിലെ ഏറ്റവും തിരക്കുള്ള യുവനടനായി പ്രദീപിനെ മാറ്റി. ഇപ്പോഴിതാ മമിത ബൈജുവിനൊപ്പം അഭിനയിക്കുന്ന ഡ്യൂഡിലൂടെ ഹാട്രിക് വിജയം ലക്ഷ്യമിടുകയാണ് പ്രദീപ്. കരിയറിൽ വിജയങ്ങൾ തുടർച്ചയാകുമ്പോൾ പൊതുവെ താരങ്ങൾ തങ്ങളുടെ പ്രതിഫലം ഉയർത്താറുണ്ട്. എന്നാൽ ഇവരിൽ നിന്നും തീർത്തും വ്യത്യസ്തനാണ് പ്രദീപ്. 
 
തുടക്കത്തിൽ വാങ്ങിയിരുന്ന അതേ തുക തന്നെയാണ് പ്രദീപ് ഇപ്പോഴും പ്രതിഫലമായി വാങ്ങുന്നതെന്ന വാർത്ത സിനിമ ലോകത്ത് ചർച്ചയാവുകയാണ്. 15 കോടി രൂപയാണ് പ്രദീപ് ഡ്യൂഡിനായി വാങ്ങിയത്. നേരത്തെ ഡ്രാഗൺ ഇറങ്ങിയ സമയത്ത് പ്രതിഫലം കൂട്ടാൻ സാധിക്കുമായിരുന്നിട്ടും പ്രദീപ് അതിന് തയ്യാറായിരുന്നില്ല.
 
ലവ് ടുഡെ ചെയ്യുന്ന സമയത്താണ് പ്രദീപ് ഡ്യൂഡിന് ഡേറ്റ് കൊടുക്കുന്നത്. ഇതിനിടെയാണ് ഡ്രാഗൺ റിലീസാവുന്നതും 150 കോടിയലധികം നേടുന്നതും. പക്ഷെ പ്രദീപ് തന്റെ പ്രതിഫലം കൂട്ടിയില്ലെന്നാണ് നിർമാതാക്കളായ മൈത്രി മൂവീസ് പറയുന്നത്. ശമ്പള വർധനവ് ആവശ്യപ്പെടാത്ത പ്രദീപ് മാതൃകയാണെന്നും നിർമാതാക്കൾ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍