തിയേറ്റര്‍ സമരം തുടരുന്നതിനിടെ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രസ്താവനയ്‌ക്കെതിരെ ആരാധകരുടെ പ്രതിഷേധവും പൊങ്കാലയും. റിലീസ് തടയുമെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന് താഴെയാണ് ഫാൻസിന്റെ വക പൊങ്കാല.
മലയാള സിനിമകളുടെ റിലീസ് അനുവദിക്കാതെ ഇതരഭാഷാ ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്താല്‍ പ്രദര്‍ശനം തടസ്സപ്പെടുത്തുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. മലയാള സിനിമകള്‍ വേണ്ടെന്നുവച്ചുകൊണ്ട് മറ്റ് ഭാഷകളിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞിരിക്കുന്നത്. സിനിമാസമരം ഒത്തുതീര്‍പ്പാക്കാത്തത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്നും നിഷ്ക്രിയമായ നിലപാടാണ് വകുപ്പുമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ഡീന്‍ ആരോപിച്ചിരുന്നു.
സംഭവം വിവവാദമായതോടെ ഡീൻ വിശദീകരണവുമായി രംഗത്തെത്തി. എത്രയും പെട്ടെന്ന് സമരം ഒത്തുതീർപ്പാക്കുന്നതിനു വേണ്ടി തന്നെയാണ് യൂത്ത് കോൺഗ്രസ് ഇത്രയും ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. അല്ലാതെ വിജയ് ഫാൻസിനോടുള്ള എതിർപ്പിന്റെ പേരിലോ, മറ്റു വിഷയങ്ങളിൽ താൽപ്പര്യമില്ലാത്തതിന്റേയോ പേരിലുമല്ല എന്നു വ്യക്തമാക്കുന്നു. യൂത്ത് കോൺഗ്രസ് ഇതിനു മുൻപും സിനിമാ സമരത്തിൽ ഏർപ്പെട്ട ചരിത്രവുമുണ്ടെന്നും ഓർമ്മപ്പെടുത്തുന്നു. ഡീൻ വ്യക്തമാക്കി.