'അത് സത്യമാണ്.ഞങ്ങടെ കഥയാണ്'; വൈറസ് ട്രെയിലറിനെക്കുറിച്ച് ബാലുശ്ശേരിക്കാരിയുടെ കുറിപ്പ്
തിങ്കള്‍, 29 ഏപ്രില്‍ 2019 (09:08 IST)
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വൈറസിന്റെ ട്രെയിലറാണ് ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്. ഇതോടെ കേരളത്തെ ഒന്നാകെ നടുക്കിയ നിപ്പ ദുരന്തത്തിന്റെ കഥ പറയുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിയായിരിക്കുകയാണ് ഇപ്പോൾ. ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ സമുഹമാധ്യമങ്ങളിൽ നിപ്പ നാളുകളെ ഓർത്തുള്ള കുറിപ്പുകളും നിറയുകയാണ്. ബാലുശ്ശേരിയിലെ പൊന്നു ഇമ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.
"പരസ്പരം പേടിയോടെ, സംശയത്തോടെ, ദേഷ്യത്തോടെ മാത്രം നോക്കുന്ന ദിവസങ്ങൾ.അങ്ങാടിയിലേയ്ക്ക് ഇറങ്ങാൻ പേടിയാണ്, നിരനിരയായി കടകൾ അടച്ചിട്ടത് കാണുമ്പോൾ,റോഡിൽ വണ്ടികൾ കാണാതാവുമ്പോൾ, ആശുപത്രി എന്ന് കേൾക്കുമ്പോൾ, പേരാമ്പ്ര എന്ന് ആരെങ്കിലും പറയുമ്പോൾ, സ്കൂളിന്റെ അവധി നീട്ടിക്കൊണ്ടുള്ള വാർത്തകൾ കേൾക്കുമ്പോൾ,എല്ലാം പേടിയാണ്", മരിച്ച് ജീവിച്ച ആ ദിവസങ്ങളെക്കുറിച്ച് ഇമ കുറിച്ചു.
സിനിമയുടെ ട്രെയിലറിലെ അവസാന രംഗത്തെക്കുറിച്ചും ഇമ കുറിച്ചു. "വൈറസ് മൂവിയുടെ ട്രെയിലർ കാണ്. അതിലെ അവസാന സീൻ ഇല്ലേ, സൗബിന്റെ, അത് സത്യമാണ്, ഞങ്ങളുടെ കഥയാണ്..കാണ് കാണ്..
സ്കൂളിന്റെ അവധി നീട്ടിക്കൊണ്ടുള്ള വാർത്തകൾ കേൾക്കുമ്പോൾ,
എല്ലാം പേടിയാണ് !!
അടുത്ത് നിൽക്കുന്നയാൾ ഒന്ന് ചുമച്ചാൽ, തുപ്പിയാൽ, പെട്ടെന്ന് എന്തെങ്കിലും പറഞ്ഞാൽ പേടിയാണ്, സംശയമാണ്, ദേഷ്യമാണ്.
മരിച്ച് ജീവിച്ച ദിവസങ്ങൾ.
ഇന്നലെ രാത്രി വൈറസ് സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ എന്തൊക്കെയോ ഓർത്ത് പോയി..
ആ പതിനേഴ് പേർ. തിരിച്ച് കയറി വന്ന ആ ഒരാൾ, ലിനി സിസ്റ്റർ അടക്കമുള്ള ഞങ്ങടെ സുഹൃത്തുക്കളെ പരിപാലിച്ച നേഴ്‌സ്മാരും ഡോക്ടർമാരും. പിന്നെ എല്ലാം കൂട്ടിയിണക്കി കൊണ്ടു പോയ ശൈലജ ടീച്ചർ.
എല്ലാം കൂടെ മനസിൽ കയറി വന്നപ്പോൾ ആകെ വട്ടായി, വിഷമായി, കരച്ചിലായി.
വീണ്ടും വീണ്ടും യൂട്യൂബിൽ ട്രെയിലർ കാണാൻ തുടങ്ങി.
കൂടെയിരിക്കുന്നവരോടൊക്കെ പറഞ്ഞു,
"വൈറസ് മൂവിയുടെ ട്രെയ്‌ലർ കാണ്. അതിലെ അവസാന സീൻ ഇല്ലേ, സൗബിന്റെ. അത് സത്യാണ്. ഞങ്ങടെ കഥയാണ്. കാണ്. കാണ്"