തൊട്ടതെല്ലാം വിവാദമാകുന്ന സമയമാണ് നയൻതാരയ്ക്ക്. ജവാൻ എന്ന ഹിന്ദി സിനിമ അല്ലാതെ മറ്റ് ഹിറ്റുകളൊന്നും അടുത്ത വർഷങ്ങളായി നയൻതാരയുടെ കൈയിലില്ല. ധനുഷിനെതിരെ രംഗത്ത് വന്നതോടെ കടുത്ത സൈബർ ആക്രമണമാണ് നടിക്ക് നേരെ ഉയർന്നത്. അഹങ്കാരിയും ജാഡക്കാരിയുമാണെന്നൊക്കെ പ്രചാരണമുണ്ടായി. ഇതിനിടെ പ്രമുഖ തമിഴ് ആങ്കർ ദിവ്യ ദർശിനി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശവും ചർച്ചയായി.
താൻ ഇന്റർവ്യൂ ചെയ്ത നടിയിൽ നിന്നുണ്ടായ വിഷമിപ്പിച്ച അനുഭവമാണ് ദിവ്യ ദർശിനി പങ്കുവെച്ചത്. ആ നായികയും ഞാനും ഒരേ പാറ്റേണിലുള്ള ഡ്രസ് ആണ് ധരിച്ചിരുന്നത്. നമ്മൾ രണ്ട് പേരും ഒരേ പോലുള്ള ഡ്രസ് ആണല്ലോ ധരിച്ചതെന്ന് പറഞ്ഞ നടി ചേഞ്ച് ചെയ്യാൻ വേറെ വസ്ത്രമുണ്ടോ എന്ന് ചോദിച്ചുവെന്നും ദിവ്യദർശിനി പറഞ്ഞിരുന്നു. തന്നോട് വസ്ത്രം മാറാൻ പറഞ്ഞത് വിഷമിപ്പിച്ചു എന്ന് നടിയും അവതാഹാരകായുമായ ദിവ്യ ദർശിനി പറഞ്ഞത് ആരാധകരെ ചൊടിപ്പിച്ചു.
ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ദിവ്യ ദർശിനി. നയൻതാരയല്ല ആ നടിയെന്ന് ദിവ്യ ദർശിനി പറയുന്നു. നയൻതാരയാണ് അങ്ങനെ പറഞ്ഞതെന്ന് എഴുതിയപ്പോൾ എനിക്ക് വിഷമം തോന്നി. പാവം, അവരല്ല അത്. അവരും ഈ സംഭവവും തമ്മിൽ ഒരു ബന്ധവുമില്ല. നയൻതാരയല്ല അതെന്ന് വിശദീകരണം നൽകിയാൽ നടി പറഞ്ഞ് ചെയ്യിച്ചതാണോ എന്ന് ചോദ്യങ്ങൾ വരും.
ഈയടുത്ത് ഒരു ലോഞ്ചിംഗിന് വന്നപ്പോൾ അവർ തിരിച്ച് പോയ ശേഷം എനിക്ക് മെസേജ് അയച്ചു. നിങ്ങളുടെ സാരിയും ഗെറ്റപ്പും വളരെ ഭംഗിയുണ്ടായിരുന്നെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ ഒരാളെക്കുറിച്ച് ഇങ്ങനെ എഴുതുന്നല്ലോ എന്നോർത്ത് എനിക്ക് വിഷമം തോന്നി. എന്നെക്കുറിച്ച് എഴുതുമ്പോൾ കുഴപ്പമില്ല. പക്ഷെ മറ്റൊരാളെ ഒരു കാരണവുമില്ലാതെ ഇതിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും ദിവ്യ ദർശിനി പറഞ്ഞു.