പ്രേക്ഷകര്‍ നിഷ്‌കരുണം തള്ളിയ സിനിമ, സംവിധായകന്‍ വിഷാദാവസ്ഥയിലേക്ക് പോയി; ദേവദൂതന് അന്ന് സംഭവിച്ചത്

രേണുക വേണു

വെള്ളി, 26 ജൂലൈ 2024 (09:49 IST)
Devadoothan Film - Sibi Malayil, Mohanlal, Raghunath Paleri

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത 'ദേവദൂതന്‍' 24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഫോര്‍ കെ ദൃശ്യമികവോടെയാണ് ചിത്രത്തിന്റെ റി റിലീസ്. രണ്ടായിരത്തില്‍ ക്രിസ്മസ് റിലീസ് ആയാണ് ദേവദൂതന്‍ തിയറ്ററുകളിലെത്തുന്നത്. വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായി. 
 
ആദ്യ ഷോയ്ക്കു പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ പോലും ഈ സിനിമയെ തള്ളിക്കളഞ്ഞു. ആദ്യ വാരത്തോടെ ദേവദൂതന്‍ കാണാന്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്താത്ത അവസ്ഥയായി. മലയാളികള്‍ക്ക് പരിചിതമല്ലാത്ത മിസ്റ്ററി ത്രില്ലര്‍ ഫോര്‍മേഷനിലാണ് തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയും സംവിധായകന്‍ സിബി മലയിലും ഈ സിനിമ ഒരുക്കിയത്. അതു തന്നെയാണ് സിനിമ പരാജയപ്പെടാനുള്ള പ്രധാന കാരണവും. ഏകദേശം രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ഈ സിനിമയ്ക്ക്. മോഹന്‍ലാലിന്റെ തട്ടുപൊളിപ്പന്‍ മാസ് സിനിമകള്‍ വലിയ വിജയം നേടിയിരുന്ന സമയമായിരുന്നു അത്. ദേവദൂതനും അത്തരത്തിലൊരു മാസ് സിനിമയായിരിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ വളരെ പതിഞ്ഞ താളത്തില്‍ മുന്നോട്ടു പോകുന്ന മിസ്റ്ററി ത്രില്ലര്‍ ആയതിനാല്‍ ആദ്യദിനം തന്നെ ആരാധകര്‍ അടക്കം കൈയൊഴിഞ്ഞു. 
 
നിര്‍മാതാവ് സിയാദ് കോക്കറിന് ദേവദൂതന്റെ പരാജയം സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കി. സംവിധായകന്‍ സിബി മലയില്‍ ആകട്ടെ ഇനി സിനിമയേ ചെയ്യില്ല എന്ന കടുത്ത തീരുമാനത്തിലേക്കും പോയി. ദേവദൂതന്റെ പരാജയം തന്നെ വലിയ വിഷാദാവസ്ഥയിലേക്ക് കൊണ്ടുപോയി എത്തിച്ചെന്ന് സിബി മലയില്‍ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. 
 
' ദേവദൂതന്റെ പരാജയം എന്നെ മാനസികമായി ഏറെ തളര്‍ത്തി. കുറേകാലം വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയിരുന്നില്ല. വളരെ താല്‍പര്യത്തോടെ കൊണ്ടുനടന്ന പ്രൊജക്ട് ആയിരുന്നു അത്. നിഷ്‌കരുണം തിയറ്ററുകളില്‍ നിരാകരിക്കപ്പെട്ടപ്പോള്‍ ഇനി സിനിമ പരിപാടി വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തി. എങ്ങും പോകാതെ വീട്ടില്‍ ഇരുന്നു. വലിയ ഡിപ്രഷനില്‍ ആയിരുന്നു ഞാന്‍,' സിബി മലയില്‍ പറഞ്ഞു. 
 
' സിനിമയുടെ കഥ പൂര്‍ത്തീകരിക്കുന്നതിനും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിനായിട്ടും ഏകദേശം ഒരു വര്‍ഷത്തോളം സമയം വേണ്ടിവന്നിരുന്നു. എന്റെ കരിയറില്‍ ഏറ്റവും വലിയ എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയും അതായിരുന്നു. അതിന് നേരിട്ട പരാജയം എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു,' സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍