2016ൽ കേരളത്തിൽ നടന്ന സംഭവവികാസങ്ങൾ എടുത്താൽ അക്കൂട്ടത്തിൽ ഒരുപക്ഷേ ദിലീ- കാവ്യ വിവാഹ വാർത്തയും ഉണ്ടാകും. കേരളക്കരയെ ഞെട്ടിച്ച വിവാഹമായിരുന്നു നവംബർ 25ന് കൊച്ചിയിൽ നടന്നത്. എന്നാൽ, ദിലീപും കാവ്യയും മാത്രമല്ല 2016ൽ കുടുംബജീവിതത്തിലേക്ക് കടന്നത്. ആർഭാടവും ആഘോഷവുമാക്കി 19 സെലിബ്രിറ്റികളാണ് 2016ൽ വിവാഹിതരായത്. ശ്രുതിലക്ഷ്മി മുതൽ ശ്രീനാഥ് ഭാസി വരെ അക്കൂട്ടത്തിൽപ്പെടും.
ശ്രുതി ലക്ഷ്മി
ജനുവരി മൂന്നിന് കളമശ്ശേരി സെന്റ്. ജോസഫ് പള്ളിയിൽ വെച്ച് ഡോ. അവിൻ ആന്റണി നടി ശ്രുതി ലക്ഷ്മിയുടെ കഴുത്തിൽ മിന്നുകെട്ടി. സിനിമയിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ് പിറ്റേദിവസം വിവാഹം നടത്തി എന്നത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആർഭാടമായായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്. ബാലതാരമായിട്ടാണ് ശ്രുതി ലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തിലൂടെ നായികയായി. തുടര്‍ന്ന് കോളേജ് കുമാരന്‍ മുതല്‍ മമ്മൂട്ടിയുടെ പത്തേമാരി വരെ അഭിനയിച്ചു
ലിജോ ജോസ് പെല്ലിശേരി
സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ടെക്സ്റ്റൈൽസ് ഡിസൈനർ ജാസ്മിന്റെ കഴുത്തിൽ മിന്നുകെട്ടിയത് ജനുവരി 10നായിരുന്നു. ജനുവരി രണ്ടിന് നടന്ന വിവാഹനിശ്ചയവും 10ന് നടന്ന വിവാഹവും ആഘോഷമായിരുന്നു. ചാലക്കുടി സെന്റ് മാരീസ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി.
അസിൻ
ആരാധകർ കാത്തിരുന്ന താരമാംഗല്യമായിരുന്നു ജനുവരി 20ന് ഡൽഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ നടന്നത്. താരസുന്ദരി അസിന്റെയും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയുടെയും വിവാഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ മതാചാര ചടങ്ങുകളോടെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അടക്കം 200 പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
അർച്ചന കവി
ജനുവരി 23നായിരുന്നു നടി അർച്ചന കവിയുടെ വിവാഹം നടന്നത്. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യു ആണ് അർച്ചനയെ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അർച്ചനയും അബിഷും ബാല്യകാല സുഹൃത്തുക്കളാണ്. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
രാധിക
ക്ലാസ്മേറ്റ്സ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധിക ഫെബ്രുവരി 12നാണ് വിവാഹിതയായത്. ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് രാധികയെ താലിചാർത്തിയത്. ആലപ്പുഴ പാതിരാപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ സിനിമാ രംഗത്തു നിന്നും സുരേഷ് ഗോപി, കാവ്യ മാധവന്‍, ഭാമ, ലാല്‍ ജോസ്, വിധു പ്രദാപ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഊർമിള മണ്ഡോത്കർ
തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ ബോളിവുഡ് താരം ഊര്‍മിള മണ്ഡോത്കറും 2016 മാര്‍ച്ച് 4 ന് വിവാഹിതയായി. കശ്മീര്‍ മോഡലും ബിസ്‌നസുകാരനുമായ അക്തര്‍ മിര്‍ ആണ് ഊര്‍മിളയെ വിവാഹം ചെയ്തത്.
ഋഷി ശിവകുമാർ
കുഞ്ചാക്കോ ബോബൻ നായകനായ വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിന്റെ സംവിധായകൻ ഋഷി ശിവകുമാർ ഏപ്രിൽ 17ന് വിവാഹിതനായി. ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറായ ലക്ഷ്മി പ്രേം കുമാറുമായുള്ള വിവാഹം കോഴിക്കോട് തളി ജയ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ആദ്യ ചിത്രം വള്ളിയും തെറ്റി പുള്ളിയും തെറ്റി റിലീസ് ചെയ്യുന്നതിന് മുമ്പേയായിരുന്നു ഋഷി കുമാറിന്റെ വിവാഹം.
ബോബി സിംഹ
നേരം എന്നൊരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ബോബി സിംഹ ഏപ്രിൽ 22ന് വിവാഹിതനായി. നടി രശ്മി മേനോനെയാണ് സിംഹ താലി ചാർത്തി ജീവിതസഖിയാക്കിയത്. തിരുപ്പതി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്.
വീട്ടുകാരുടെ അറിവോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി പിന്നീട് വിരുന്ന് നടത്തുകയാണ് ചെയ്തത്.
ഹരികൃഷ്ണൻ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ പ്രവീണായി എത്തിയ ഹരികൃഷ്ണൻ മെയ് 22ന് ദിവ്യയെ വിവാഹം കഴിച്ചു. ലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് കൂടാതെ സഹസ്രം, ചട്ടക്കാരി, നീഹാരിക, മോനായി അങ്ങനെ ആണായി, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി, പിക്കിള്‍, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സാന്ദ്ര തോമസ്
നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ജൂലൈ 11നാണ് വിവാഹിതയായത്. നിലമ്പൂർ എടവക്കര സ്വദേശി തയ്യിൽ വിൽസൺ ജോൺ തോമസിനെയാണ് സാന്ദ്ര വിവാഹം ചെയ്തത്. നിലമ്പൂർ എടക്കര മുണ്ട ഇമ്മാനുവേൽ മാർത്തോമ പള്ളിയിലായിരുന്നു വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ നടി പാർവ്വതി മേനോൻ, വിജയ് ബാബു, സ്വാതി അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
ഇവ പവിത്രൻ- പ്രതീഷ്
ആഗസ്റ്റ് 27നാണ് നടി ഇവ പവിത്രനും ഛായാഗ്രാഹകൻ പ്രതീഷ് എം വർമയും തമ്മിലുള്ള വിവാഹം നടന്നത്. തൃശൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ജയറാം,പാര്‍വതി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. അന്തരിച്ച സംവിധായകന്‍ പവിത്രന്റെയും കലാമണ്ഡലം ക്ഷേമാവതിയുടെയും മകളാണ് ഇവ പവിത്രൻ. മലയാളത്തിലെ ശ്രദ്ധേയരായ യുവ ഛായാഗ്രാഹന്മാരിലൊരാളാണ് പ്രതീഷ് വര്‍മ.
നിഥിൻ രൺജി പണിക്കർ
രൺജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിൻ രൺജി പണിക്കർ സെപ്തംബർ 8നാണ് വിവാഹിതനായത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ എറണാകുളത്തെ വീട്ടിൽ വെച്ച് വളരെ ലളിതമായ രീതിയിൽ നിഥിൻ കുമ്പനാട് സ്വദേശി ടെനി സാറ ജോണിനെ വിവാഹം കഴിച്ചു. കൂള്‍ കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബയാണ് നിഥിന്റെ ആദ്യ ചിത്രം. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ചിത്രം മികച്ച വിജയം നേടി.
ശാലു മേനോൻ
പ്രമുഖ സീരിയൽ നടിയും നർത്തകിയുമായ ശാലു മേനോനും വിവാഹിതയായത് സെപ്തംബർ 8ന് തന്നെയാണ്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബാഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. കൊല്ലം സ്വദേശിയായ സീരിയൽ നടൻ സജി നായരാണ് ശാലുവിനെ വിവാഹം കഴിച്ചത്.
നിഖിത
കയ്യെത്തും ദൂരത്ത് എന്ന സിനിമയിലെ നായിക നിഖിത തുക്രാൽ ഒക്ടോബർ 9ന് വിവാഹിതയായി. മുംബൈ സ്വദേശി ഗഗൻദീപ് സിംഗാണ് നിഖിതയെ താലിചാർത്തിയത്. പരമ്പരാഗതമായ ചടങ്ങുകളുമായി മുംബൈയിലെ പ്രശസ്തമായ ഹോട്ടലക്ല് വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ നായികയായ നിഖിത അവസാനമായി അഭിനയിച്ചത് മോഹൻലാലിന്റെ കനൽ എന്ന ചിത്രത്തിലാണ്.
ശ്രുതി രാമചന്ദ്രൻ
രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത പ്രേതത്തിലെ നായിക ശ്രുതി രാമചന്ദ്രനും ഫ്രാൻസിസ് തോമസും തമ്മിലുള്ള വിവാഹം നടന്നത് 2015 നവംബറിലാണ്. എറണാകുളത്ത് വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പ്രണയ വിവാഹമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അഭിനയരംഗത്ത് എത്തുന്നത്. സുശീല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രുതി അവതരിപ്പിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയ പ്രേതത്തില്‍ ശ്രുതി അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സരയു
2016 നവംബർ 12നായിരുന്നു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരുന്ന സനല്‍ വി ദേവ് നടി സരയുവിന്റെ കഴുത്തിൽ താലി ചാർത്തിയത്. സരയുവിന്റെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വർഷം തുടങ്ങിയ ചിത്രങ്ങളിൽ അസോഷ്യേറ്റായി സനൽ പ്രവർത്തിച്ചിട്ടുണ്ട്. ലോഹിതദാസിന്റെ ചക്കരമുത്തിലൂടെയാണ് സരയു സിനിമയിലെത്തുന്നത്. സിനിമയിലും സീരിയലിലും സരയു തിളങ്ങി. ബിജു മേനോൻ നായകനായി എത്തിയ സാൾട്ട് മാൻഗോ ട്രീയിലാണ് സരയു അവസാനമായി എത്തിയത്.
കാവ്യ മാധവൻ- ദിലീപ്
നവംബർ 25നായിരുന്നു കേരളത്തെ ഞെട്ടിച്ച് കൊണ്ട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹത്തുക്കളും മാത്രമാണ വിവാഹത്തില്‍ പെങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു ചടങ്ങുകൾ നടന്നതെന്നത് ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഗായത്രി
പ്രശസ്ത ഗായിക ഗായത്രി ഡിസംബര്‍ 4 ന് വിവാഹിതയായി. സംഗീത സംവിധായകനും ഗായകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ശ്രീനാഥ് ഭാസി
യുവനടൻ ശ്രീനാഥ് ഭാസി വിവാഹിതനായി ഡിസംബർ 9ന് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. എറണാകുളം ബോൾഗാട്ടി പാലസിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളും സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടനും ഗായകനുമായ ശ്രീനാഥ് ഭാസി പ്രണയം എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രീനാഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഹണി ബി 2 ആണ് ശ്രീനാഥിന്റെ ഏറ്റവും പുതിയ ചിത്രം.