അന്ന് വാശിപ്പുറത്ത് വണ്ടിയെടുത്ത് കുതിച്ചു, ചേട്ടന്മാർ പിന്തുടർന്നു പുറകേ വരികയായിരുന്നു: ഭാമ

ബുധന്‍, 26 ഡിസം‌ബര്‍ 2018 (08:39 IST)
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഭാമ. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ഭാമ സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്. പിന്നീട് നിരവധി സിനിമകൾ ചെയ്‌തു. ഭാമയ്‌ക്ക് എന്നും യാത്രകൾ പ്രിയപ്പെട്ടതാണ്. നടി തന്നെ അത് വ്യക്തമാക്കിയിട്ടുമുണ്ട്.
 
താൻ ഡ്രൈവിംഗ് പഠിച്ചതും ഒറ്റയ്‌ക്ക് ഡ്രൈവ് ചെയ്യാൻ തടങ്ങിയതുമെല്ലാം ഒരു വാശിപ്പുറത്താണെന്ന് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിൽ നടി പറയുന്നു. 'ആദ്യം ടൂ വീലറാണ് പഠിച്ചത്. സിനിമയില്‍ സജീവമായപ്പോള്‍ ഫോര്‍വീലര്‍ പഠിക്കേണ്ടത് ആവശ്യമായി വന്നു. ഡ്രൈവിങ് പഠിച്ചെങ്കിലും റോഡിലിറക്കാന്‍ ഭയമായിരുന്നു. 
 
ഒരു ദിവസം രാത്രി ഞാനും കസിന്‍സും ചേര്‍ന്ന് വല്ലാര്‍പ്പാടം പള്ളിയില്‍ പോയി. ബന്ധുക്കള്‍ വലിയ വണ്ടിയിലും ഞാനും കസിന്‍സും കാറിലുമായിരുന്നു. ചേച്ചിയാണ് വണ്ടി ഓടിച്ചത്. റോഡില്‍ തിരക്കില്ല. ഇനി ഞാന്‍ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ 'വേണ്ട നിനക്കാവില്ലെ'ന്ന് അനുജത്തി പറഞ്ഞു. അതെനിക്ക് ഭയങ്കര ഇന്‍സൾട്ടായി.
 
പള്ളിയെത്തി എല്ലാവരും ഇറങ്ങിയപ്പോള്‍ ഞാന്‍ കീ വാങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് സീപോര്‍ട് എയർപോര്‍ട്ട് റോഡിലൂടെ കുതിച്ചു. മനസ് നിറയെ വാശിയായിരുന്നു. എന്റെ പോക്ക് കണ്ട് ചേട്ടന്മാരും  മറ്റൊരു വണ്ടിയില്‍ എന്നെ പിന്തുടര്‍ന്നു.  നല്ല സ്പീഡിലാണ് യാത്രയെന്നറിയാം. എന്നാലും വാശിപ്പുറത്ത് സ്പീഡ് കുറയ്ക്കാന്‍ കഴിഞ്ഞില്ല.
 
ഒടുവില്‍ ഇരുവരും ടോള്‍ബൂത്തിനടുത്ത് എത്തിയപ്പോള്‍ ടോള്‍ കൊടുക്കാന്‍ കാശിന് പേഴ്‌സ് ഇല്ല എന്ന് മനസിലായി. അങ്ങനെ യു-ടേണ്‍ എടുത്ത് തിരിച്ചു പോന്നു. അതിന് ശേഷമാണ് ധൈര്യത്തോടെ കാർ റോഡിലിറക്കാൻ തുടങ്ങിയത്. ആ വാശി നല്ലതാണെന്ന് തോന്നിയിട്ടുമുണ്ട്'- ഭാമ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍