ആറാടുകയാണ്...! മോഹന്‍ലാല്‍ ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്തുവിട്ട് സംവിധായകന്‍; ആദ്യ മൂന്ന് ദിനം കൊണ്ട് 17.80 കോടി !

ചൊവ്വ, 22 ഫെബ്രുവരി 2022 (11:12 IST)
മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സിനിമയ്ക്ക് വമ്പന്‍ ഓപ്പണിങ് ലഭിച്ചെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ അവകാശപ്പെട്ടു. 
 
ആദ്യ മൂന്ന് ദിവസംകൊണ്ട് 17.80 കോടി ആഗോള ഗ്രോസ് കളക്ഷന്‍ കിട്ടിയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. കോവിഡ് പ്രതിസന്ധിക്കിടയിലും ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണമാണ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
അതേസമയം, ആറാട്ട് വിഷുവിന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും എത്തും. മാര്‍ച്ച് പകുതിയോടെ ആറാട്ടിന്റെ ഒ.ടി.ടി. റിലീസ് ഉണ്ടാകുമെന്ന വാര്‍ത്തകളെ ഉണ്ണികൃഷ്ണന്‍ തള്ളി. എന്നാല്‍, വിഷുവിനായിരിക്കും ചിത്രം എത്തുകയെന്ന് സംവിധായകന്‍ വ്യക്തമാക്കി. എത്ര കോടി രൂപയ്ക്കാണ് ആറാട്ട് ആമസോണ്‍ പ്രൈം സ്വന്തമാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
 
ആറാട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഫെബ്രുവരി 18 നാണ് പ്രദര്‍ശനം ആരംഭിച്ചത്. 2700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍