'അയോധ്യയിലേത് ബിജെപിയുടെ രാഷ്ട്രീയ രാമന്‍' നടി ഉര്‍വശി ഇങ്ങനെ പറഞ്ഞോ? ഇതാണ് യാഥാര്‍ഥ്യം

രേണുക വേണു

ചൊവ്വ, 23 ജനുവരി 2024 (17:16 IST)
Urvashi

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ നടി ഉര്‍വശിയുടേതെന്ന തരത്തില്‍ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ട്. 'അയോധ്യയിലേത് ബിജെപിയുടെ രാഷ്ട്രീയ രാമന്‍' എന്ന ഉര്‍വശി പറഞ്ഞെന്നാണ് വ്യാജ പ്രചരണം. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശവും ഉര്‍വശി നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമാണ്. 
 
'ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ' എന്ന് ഉര്‍വശി പറഞ്ഞതായാണ് വ്യാജ പ്രചരണം. ഒടുവില്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. താന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത കാര്യമാണ് തന്റെ പേരില്‍ പ്രചരിക്കുന്നതെന്നും ഇത്തരം വ്യാജ പോസ്റ്റുകളില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്നും ഉര്‍വശി പറഞ്ഞു. 
 
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
 
പ്രിയ സുഹൃത്തുക്കളേ...
 
എന്റെ പേരില്‍ ഞാന്‍ പറയാത്ത ചില കാര്യങ്ങള്‍ പറഞ്ഞുവെന്ന രീതിയില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതില്‍ എനിക്കു വിഷമമുണ്ട്. ആത്യന്തികമായി ഞാന്‍ ഒരു കലാകാരിയാണ്. അഭിനയത്തില്‍ മാത്രമാണ് ഞാനിപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്.
 
രാഷ്ട്രീയ - വര്‍ഗ്ഗീയ സ്പര്‍ദ്ധതയോ അനുഭാവമോ പുലര്‍ത്തുന്ന ഇത്തരം വ്യാജപോസ്റ്റുകളില്‍ എനിക്ക് യാതൊരു രീതിയിലുള്ള പങ്കും ഇല്ലെന്ന് അറിയിച്ചുകൊള്ളട്ടെ. ഒരു കലാകാരിയ്ക്ക് എല്ലാവരെയും ഒരുപോലെ കാണുന്ന മനസ്സായിരിക്കണം എന്നു ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് ഞാന്‍.
 
അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക.. നിങ്ങളുടെ പ്രിയ കലാകാരിയെന്ന നിലയ്ക്ക് എന്റെ അഭ്യര്‍ത്ഥനയാണത്.
 
എന്ന്,
 
നിങ്ങളുടെ സ്വന്തം ഉര്‍വ്വശി
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍