നിമിഷങ്ങള്‍ കൊണ്ട് മറ്റൊരാളെ കൊല്ലാനുള്ള എളുപ്പ മാര്‍ഗമായാണ് പലരും സോഷ്യല്‍ മീഡിയയെ കാണുന്നത്. ഷെയര്‍ ചെയ്ത് വരുന്ന വാര്‍ത്തകള്‍ എത്രയും വേഗം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ, പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാന്‍ ആരും തയ്യാറാകാത്തതാണ് വ്യാജ വാര്‍ത്തകള്‍ പെരുകുന്നതിന് പ്രധാന കാരണം.
ഇത്തവണ മിമിക്രി കലാകാരനായ സാജന്‍ പള്ളുരുത്തിയെയാണ് സോഷ്യല്‍ മീഡിയ കൊന്നിരിക്കുന്നത്. സാജന്‍ മരിച്ചെന്ന പേരില്‍ ഫേസ്ബുക്കിലുടെയും മറ്റും അദ്ദേഹത്തിന്റെ ഫോട്ടോ വ്യാപകമായി പ്രചരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം കരള്‍ രോഗ ബാധയെത്തുടര്‍ന്ന് മരിച്ചത് കലഭവന്‍ സാജനായിരുന്നു. എന്നാല്‍ പ്രചരിച്ച ഫോട്ടോകളാവട്ടെ സാജന്‍ പള്ളുരുത്തിയുടേതുമായിരുന്നു.
ഇരുവരുടെയും പേരില്‍ സാജന്‍ എന്നുള്ളത് കൊണ്ടായിരിക്കാം ഇത്തവണ അബദ്ധം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സ്ഥിരം കലാപരിപാടിയായി തന്നെ മാറിയിരിക്കുകയാണ്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരണവുമായി സാജന്‍ പള്ളുരുത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലുടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.