എറണാകുളത്തെ വോട്ടെണ്ണല്‍ മഹാരാജാസില്‍

ശനി, 5 ഏപ്രില്‍ 2014 (19:28 IST)
PTI
PTI
എറണാകുളം ലോക്‍സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍. ചരിത്രത്തിലാദ്യമായാണ്‌ എറണാകുളം ലോക്‍സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളുടെയും വോട്ടുകള്‍ ഒരേ കേന്ദ്രത്തില്‍ എണ്ണുന്നത്‌.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ വിതരണകേന്ദ്രങ്ങള്‍ തന്നെയായിരുന്നു വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിരുന്നത്‌. ജില്ല കളക്ടര്‍ എം ജി രാജമാണിക്യം, ജില്ലാ പൊലീസ്‌ ചീഫ്‌ (സിറ്റി) കെ ജി ജയിംസ്‌ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‍സഭ മണ്ഡലത്തിലെ വോട്ടുകള്‍ എണ്ണിയത്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഉള്‍പ്പടെ രണ്ടു കേന്ദ്രങ്ങളിലായിരുന്നു. ഇക്കുറി ഏഴ്‌ നിയമസഭ മണ്ഡലങ്ങളുടെയും വോട്ടുകള്‍ മഹാരാജാസില്‍ മാത്രമായി എണ്ണും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടുകള്‍ മഹാരാജാസ്‌ കോളേജിലെ ഒന്നാം നിലയിലെ ഇംഗ്ലീഷ്‌ മെയിന്‍ ഹാളില്‍ തെക്കുഭാഗത്തുള്ള കേന്ദ്രത്തിലായിരിക്കും എണ്ണുക. എറണാകുളം മണ്ഡലത്തിലെ വോട്ടുകള്‍ മഹാരാജാസ്‌ ഓഡിറ്റോറിയത്തിലും തൃക്കാക്കരയുടെ വോട്ടുകള്‍ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്തും കൊച്ചി നിയമസഭ മണ്ഡലത്തിലെ വോട്ടുകള്‍ ഓഡിറ്റോറിയത്തിന്റെ വടക്കുഭാഗത്തുള്ള കേന്ദ്രത്തിലാവും എണ്ണുക. കളമശേരി നിയമസഭ മണ്ഡലത്തിലെ വോട്ടുകള്‍ ഒന്നാം നിലയിലെ ഇംഗ്ലീഷ്‌ മെയിന്‍ ഹാളില്‍ വടക്കുഭാഗത്തുമായി ക്രമീകരിക്കുന്ന കേന്ദ്രത്തില്‍ എണ്ണും. പറവൂര്‍ നിയമസഭ മണ്ഡലത്തിലെ വോട്ടുകള്‍ ഒന്നാം നിലയിലെ മലയാളം ഹാളിലായിരിക്കും എണ്ണുക.

വോട്ടുയന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഇവിടെ എത്തിച്ച്‌ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സ്ട്രോങ്ങ്‌ റൂമുകളും എണ്ണുന്ന ഹാളുകള്‍ക്കടുത്തായി കണ്ടെത്തിയിട്ടുണ്ട്‌. വോട്ടെണ്ണല്‍ കേന്ദ്രം ഒരു സ്ഥലം മാത്രമാകുമ്പോഴുണ്ടാകുന്ന സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ പുതിയസംവിധാനം വഴി സാധിക്കും. ക്രമസമാധാനപാലനത്തിന്‌ ഉപയോഗിക്കേണ്ട പൊലീസ്‌ സേനയുടെ വിന്യാസത്തിലും കാര്യമായ മാറ്റമുണ്ടാകും.

വെബ്ദുനിയ വായിക്കുക