യുപിഎയെ പിന്തുണയ്ക്കാമെന്ന് ബിഎസ്പി

ചൊവ്വ, 19 മെയ് 2009 (19:04 IST)
കേന്ദ്രത്തില്‍ അധികാരമേല്‍ക്കാനിരിക്കുന്ന യുപിഎ സര്‍ക്കാരിന് പുറമേ നിന്നുള്ള നിരുപാധിക പിന്തുണ നല്‍കാന്‍ ബിഎസ്പി തീരുമാനിച്ചു. പാര്‍ട്ടി നേതാവ് മായാവതിയാണ് ഇക്കാര്യമറിയിച്ചത്.

നിലവിലെ സാഹചര്യങ്ങള്‍ക്കും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തുക എന്ന പാര്‍ട്ടി നിലപാടിനും അനുസൃതമായുമാണ് പുതിയ തീരുമാ‍നമെന്ന് മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെത്തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും താന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി അവര്‍ പറഞ്ഞു.

മതേതര കക്ഷികളെ ശക്തിപ്പെടുത്തുന്നതിന് ബിഎസ്പിയുടെ സഹകരണം പ്രതീക്ഷിച്ച് പ്രധാനമന്ത്രി ഞായറാഴ്ച തന്നെ വിളിച്ചിരുന്നതായും മായാവതി വെളിപ്പെടുത്തി. പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവും പാര്‍ലമെന്‍ററി ബോര്‍ഡും ഇന്ന് രാവിലെ യോഗം ചേര്‍ന്നാണ് പിന്തുണ സംബന്ധിച്ച അന്തിമ തീരുമാനം എടുത്തതെന്ന് മായാവതി അറിയിച്ചു.

21 എംപിമാരാണ് പാര്‍ട്ടിക്കുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണിയുടെ ഭാഗമായിരുന്നു ബിഎസ്പി. അതേസമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം തുടരാന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് കഴിഞ്ഞിരുന്നില്ല.

വെബ്ദുനിയ വായിക്കുക