പുതിയ യു പി എ മന്ത്രിസഭയിലെ ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രി സ്ഥാനത്തേക്ക് സല്‍മാന്‍ കുര്‍ഷിദിനെയോ കമല്‍നാഥിനെയോ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. ആഭ്യന്തരമന്ത്രിയായി പി ചിദംബരവും പ്രതിരോധമന്ത്രിയായി എകെ ആന്‍റണിയും തുടര്‍ന്നേക്കും.
അതേസമയം, കരുണാനിധിയുടെ ഡി എം കെയ്ക്ക് രണ്ട് കാബിനറ്റ് പദവിയും മമതയുടെ ത്രിണമൂല്‍ കോണ്‍ഗ്രസിന് മൂന്ന് കാബിനറ്റ് പദവിയും ലഭിച്ചേക്കുമെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായതിനാല്‍ ധനകാര്യ വകുപ്പ് പ്രണാബ് മുഖര്‍ജിക്ക് ലഭിച്ചേക്കും. ഇതിന് മുമ്പ് 1982-1984 മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി സ്ഥാനം വഹിച്ച മുന്‍പരിചയം കൂടി പ്രണാബിനുണ്ട്. ഇതിനു പുറമെ മന്‍മോഹന്‍ സിംഗിന്‍റെ വലം കൈ കൂടിയാണ് പ്രണാബ് മുഖര്‍ജി.
യുപിഎ അധ്യക്ഷയായി സോണിയ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. ഘടകക്ഷികള്‍ക്കുളള മന്ത്രിസ്ഥാനം സംബന്ധിച്ചു യോഗത്തില്‍ ചര്‍ച്ചനടന്നതായാണ് റിപ്പോര്‍ട്ട്. ഏഴ് മന്ത്രിസ്ഥാനം വേണമെന്നാണ് കരുണാനിധി ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് മന്ത്രിമാരെ നല്‍കാമെന്നു കോണ്‍ഗ്രസ് അറിയിച്ചതായും സൂചനയുണ്ട്. കേരളത്തില്‍ നിന്നുള്ള നിലവിലെ മന്ത്രിമാര്‍ തുടരാനാണ് സാധ്യത. എന്നാല്‍ കൂടുതല്‍ മന്ത്രിമാര്‍ കേരളത്തില്‍ നിന്ന് ഉണ്ടായേക്കുമെന്നും അറിയുന്നു. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ കേന്ദ്രമന്ത്രിമാരാവാനാണ് സാധ്യത.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് വൈകിട്ട് സോണിയ ഗാന്ധിയും മന്‍ മോഹന്‍ സിങും രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ കാണും. വെളളിയാഴ്ചയാണ് സത്യപ്രതിജ്ഞ.