എന്‍ സി പി സംസ്ഥാന ഘടകത്തില്‍ തമ്മിലടി. സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ ഒരു ഭാഗത്തും പാര്‍ട്ടിയിലെ മറ്റ് ഉന്നതര്‍ മറുഭാഗത്തുമായി നിന്ന് ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പത്തനംതിട്ടയില്‍ മാണി സി കാപ്പനും തിരുവനന്തപുരത്ത് എം പി ഗംഗാധരനും നാണം കെട്ട തോല്‍വിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്ന് മുരളീധരന്‍ പറഞ്ഞു.
അപരന്‍മാര്‍ക്ക് ലഭിച്ച വോട്ടു പോലും പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാന്‍ കഴിഞ്ഞില്ല. എന്‍ സി പിക്ക് ഇതൊരു കറുത്ത പാടാണ്. എന്‍ സി പിക്ക് ഈ മണ്ഡലങ്ങളിലൊക്കെ വോട്ടുകള്‍ ഇല്ലാത്തതുകൊണ്ടല്ല ഇതു സംഭവിച്ചത്. മികച്ച ഒരു സംഘടനാ മിഷനറിയും എന്‍ സി പിക്കുണ്ട്. എങ്കിലും വോട്ടു ലഭിച്ചില്ല - മുരളീധരന്‍ പറഞ്ഞു.
എന്നാല്‍, പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിണഞ്ഞ വമ്പന്‍ തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷനായ കെ മുരളീധരനാണെന്ന് എം പി ഗംഗാധരന്‍ പ്രതികരിച്ചു. മുരളി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണെങ്കില്‍ താന്‍ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെന്നും ഗംഗാധരന്‍ പറഞ്ഞു.
എന്‍ സി പിക്ക് ഏറ്റ തിരിച്ചടിയില്‍ മുരളീധരന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മുരളീധരനൊപ്പം അടുത്തകാലത്ത് എന്‍ സി പിയിലേക്കു വന്നവരാണ് പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത് - കാപ്പന്‍ പറഞ്ഞു.
എന്നാല്‍ എന്‍ സി പിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ചേരിപ്പോരിനെക്കുറിച്ച് പ്രതികരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ വിസമ്മതിച്ചു.
പത്തനംതിട്ടയില്‍ മാണി സി കാപ്പന് 4445 വോട്ടാണ് ലഭിച്ചത്. തിരുവനന്തപുരത്ത് എം പി ഗംഗാധരന് 2972 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. വയനാട്ടില്‍ രണ്ടുലക്ഷം വോട്ടു പ്രതീക്ഷിച്ച മുരളീധരന് പക്ഷേ ഒരു ലക്ഷത്തില്‍ താഴെ വോട്ടു മാത്രമേ നേടാനായുള്ളൂ.