അദ്വാനി പ്രതിപക്ഷ നേതാവാകും

തിങ്കള്‍, 18 മെയ് 2009 (16:45 IST)
ബിജെപി നേതാവ് എല്‍ കെ അദ്വാനി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. പാര്‍ട്ടി നേതൃയോഗത്തിനു ശേഷം അധ്യക്ഷന്‍ രാജ്നാഥ് സിംഗ് അറിയിച്ചതാണ് ഇക്കാര്യം. പാര്‍ലമെന്‍ററി പാര്‍ട്ടി ബോര്‍ഡില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദം കാരണമാണ് പ്രതിപക്ഷ നേതാവാകില്ല എന്ന തീരുമാനം അദ്വാനി മാറ്റിയത്.

“അദ്വാനി ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തുടരാന്‍ സമ്മതിച്ചു. അതിനാല്‍, അദ്ദേഹം തന്നെയായിരിക്കും ലോക്സഭയിലെ പ്രതിപക്ഷ നേതാവ്” - രാജ്നാഥ് സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍‌ഡി‌എ മുന്നണിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്വാനി പുതിയ ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തന്‍റെ പേര് പരിഗണിക്കേണ്ട എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ഞായറാഴ്ച അദ്വാനിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

അദ്വാനിയും ബിജെപിയുമാണ് പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കേണ്ടത് എന്നും സംഘത്തിന് ഇക്കാര്യത്തില്‍ പ്രത്യേക താല്‍‌പര്യമില്ല എന്നും ആര്‍ എസ് എസ് നേതൃത്വം ഞായറാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക