തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: ഉമ്മന്‍ ചാണ്ടി

വ്യാഴം, 9 ഏപ്രില്‍ 2009 (15:23 IST)
ഭരണ സ്വാധീനം ഉപയോഗിച്ച് സി പി എം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കണ്ണൂരില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു.

കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍റെ നാമനിര്‍ദേശപത്രിക തള്ളാന്‍ സി പി എം നടത്തിയ നീക്കം അപഹാസ്യമാണ്‌. നിയമപരമായും വസ്തുതാപരമായും തെറ്റായ വിവരങ്ങളാണ്‌ സുധാകരനെതിരെ സി പി എം ഉന്നയിച്ചത്.

യു ഡി എഫിന് വോട്ട് കൂടുതല്‍ കിട്ടുന്ന ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളായി കാണിക്കുകയാണ്. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ പക്ഷപാതം കാട്ടുകയാണ്‌. ഇത്തരം നടപടികള്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പു കമ്മീ‍ഷനെ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക