ഫലം പുറത്ത് വന്നപ്പോള്‍ എ‌ക്സിറ്റ് പോള്‍ പോലും ഞെട്ടി!

വെള്ളി, 16 മെയ് 2014 (16:55 IST)
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടിയത് എക്‌സിറ്റ് പോള്‍ ഫലങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ടാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റുകള്‍ ഒറ്റപാര്‍ട്ടിയായ ബിജെപി മറികടന്നു. 278 സീറ്റുകളാണ് നേടിയത്. എന്‍ഡിഎ സഖ്യത്തിന് ലഭിച്ച ലീഡാകട്ടെ 336 സീറ്റുകളില്‍.  
 
കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചനനല്‍കിയിരുന്നു. യുപിഎയ്ക്ക് 110 മുതല്‍ 148 സീറ്റുകള്‍വരെ ലഭിച്ചേക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 75ല്‍താഴെ സീറ്റില്‍മാത്രം ലീഡ് നേടാനാണ് യുപിഎയ്ക്കായത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 40 ഓളം സീറ്റില്‍ മാത്രമാണ് മുന്നേറ്റം നടത്താനായത്. കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ പോലും ഓര്‍ത്തുകാണില്ല യുപി‌എ സഖ്യം ഇങ്ങനെ തറപറ്റുമെന്ന്.
 
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ പ്രകടനത്തിന്റെ മികവില്‍ കോണ്‍ഗ്രസിനെ ബിജെപി തറപറ്റിക്കുമെന്ന് നല്‍കിയ സൂചനകള്‍ യാഥാര്‍ഥ്യമായി. ഈ സംസ്ഥാനങ്ങളിലാകെയുള്ള 139 സീറ്റുകളില്‍ 120 എണ്ണത്തിലും എന്‍ഡിഎയ്ക്ക് നേട്ടമുണ്ടാക്കാനായി. 
 
നരേന്ദ്രമോഡിക്കെതിരേ മത്സരിച്ച അരിവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കില്ലെന്ന സര്‍വേ സൂചനകളും യാഥാര്‍ത്ഥ്യമായി. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നായി ആറ് സീറ്റുകളിലാണ് എഎപിക്ക് ലീഡ് നേടാനായത്. ടൈംസ് നൗ ഒഴികെയുള്ള ചാനലുകളുടെ നേതൃത്വത്തില്‍ നടന്ന സര്‍വേകളില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം നല്‍കുമെന്നായിരുന്നു പ്രവചനം.  
 
2009 ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇതില്‍നിന്ന് വ്യത്യസ്ഥമായിരുന്നു. യുപിഎയ്ക്ക് 191 മുതല്‍ 225വരെ സീറ്റുകള്‍ കിട്ടുമെന്നായിരുന്നു അന്നത്തെ പ്രവചനങ്ങള്‍. ഫലംവന്നപ്പോള്‍ യുപിഎ 262 സീറ്റുകളോടെ കേവല ഭൂരിപക്ഷത്തിന് അടുത്തെത്തി. എന്‍ഡിഎക്ക് 177 മുതല്‍ 195വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് കണക്കാക്കിയിരുന്നത്. യഥാര്‍ത്ഥ ഫലം 159 ആയിരുന്നു.
 
 
2014ലെ പ്രധാന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍:
 
 
എന്‍ഡിടിവി: എന്‍ഡിഎ-272, യുപിഎ 103, മറ്റുള്ളവര്‍-161
 
ടൈംസ് നൗ: എന്‍ഡിഎ. 249, യു.പി.എ. 148, മറ്റുള്ളവര്‍- 146
 
സിഎന്‍എന്‍-ഐ.ബി.എന്‍: എന്‍.ഡി.എ. 270-282, യു.പി.എ. 92-102
 
ഇന്ത്യാ ടുഡെ: എന്‍ഡിഎ. 261- 283, യു.പി.എ. 110-120, മറ്റുള്ളവര്‍ 150-162 
 
എ.ബി.പി: എന്‍.ഡി.എ. 273-283, യു.പി.എ. 110-120
 
ഇന്ത്യാ ടി.വി: എന്‍ഡിഎ. 289, യു.പി.എ. 101, മറ്റുള്ളവര്‍ 148
 
 
LIVE Kerala Lok Sabha 2014 Election Results
http://elections.webdunia.com/kerala-loksabha-election-results-2014.htm
 
LIVE Lok Sabha 2014 Election Results
http://elections.webdunia.com/Live-Lok-Sabha-Election-Results-2014-map.htm
 

വെബ്ദുനിയ വായിക്കുക