Sree Narayana Guru History: ഒരു ജാതി, ഒരു മതം, ഒരു ദൈവം; ഗുരു പകര്‍ന്ന വെളിച്ചം

രേണുക വേണു

ചൊവ്വ, 20 ഓഗസ്റ്റ് 2024 (09:57 IST)
Sree Narayana Guru

Sree Narayana Guru History: 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിനെ ഓര്‍ക്കുന്ന ദിനമാണ് ഇന്ന്. ചിങ്ങമാസത്തിലെ ചതയ നക്ഷത്രത്തിലാണ് ശ്രീനാരായണ ഗുരു ജയന്തി ആചരിക്കുന്നത്. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.
 
ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്, വേദാന്തത്തിന്റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്റെ സാക്ഷാത്കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്റെ സഹജീവികളോടുളള മാനുഷിക കടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ് നിര്‍വ്വഹിച്ചത്.
 
വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട് അഭിവൃദ്ധി നേടാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരായണഗുരു അത് എങ്ങനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന് ജീവിച്ച് ബോധ്യപ്പെടുത്തി. 
 
വിദേശസംസ്‌കാരത്തിന്റെയും സ്വ സംസ്‌കാരത്തിനുളളിലെ അന്ധവിശ്വാസങ്ങളുടെയും ആക്രമണത്തെ നേരിടാന്‍ അദ്വൈത ബോധത്തെ ഗുരുദേവന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. മാത്രമല്ല പാറപോലുളള ആ വിശ്വാസത്തിനുമേല്‍ ഒരു സമൂഹത്തെ മുഴുവന്‍ കെട്ടുറപ്പോടെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു. അങ്ങിനെ കാലചക്രം ബഹുദൂരം ഉരുളുമ്പോള്‍ മാത്രം സംഭവിക്കുന്ന യുഗപ്രഭാവമായിത്തീര്‍ന്നു ശ്രീനാരായണഗുരു.
 
ജീവിതം
 
കൊല്ലവര്‍ഷം 1030 ചിങ്ങമാസത്തിലെ ചതയ ദിനത്തില്‍ തിരുവനന്തപുരത്തുളള ചെമ്പഴന്തി ഗ്രാമത്തില്‍ ജനിച്ചു. കൊച്ചുവിളയില്‍ മാടനാശാന്‍ അച്ഛന്‍ വയല്‍വാരത്ത് കുട്ടി അമ്മയും. നാരായണനെന്നായിരുന്നു പേരെങ്കിലും 'കുട്ടി നാണു' എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ബാല്യത്തില്‍ത്തന്നെ സിദ്ധരൂപം, അമരകോശം, ബാലപ്രബോധം എന്നിവ പഠിച്ചു.
 
വിദ്യാഭ്യാസം
 
കുട്ടിക്കാലത്ത് തന്നെ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്ഥനായിരുന്നു നാണു. ഈശ്വരാഭിമുഖ്യവും ചിന്താശീലവും സദാ പ്രകടമായിരുന്നു. ക്ഷേത്രദര്‍ശനം, ജപം, ധ്യാനം എന്നിവ മുടക്കം കൂടാതെ നടത്തിയിരുന്നു. സംസ്‌കൃത പഠനത്തിനായി പുതുപ്പളളിയിലുളള കുമ്മപ്പളളി രാമന്‍പിളള ആശാന്റെ അടുത്തെത്തി. മൂന്നുവര്‍ഷം കൊണ്ട്. കാവ്യനാടകങ്ങള്‍, തര്‍ക്കം, വ്യാകരണം എന്നിവയില്‍ അവഗാഹം നേടി. അതിനുശേഷം നാണു വീടിനടുത്ത ഒരു കുടിപ്പളളിക്കൂടം ആരംഭിച്ചു. അങ്ങനെ നാട്ടുകാര്‍ക്ക് നാണുഭക്തന്‍ നാണുവാശാനായിത്തീര്‍ന്നു. ഒഴിവ് സമയങ്ങളില്‍ നാണു ഭക്തിഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും അടുത്തുളള പുലയക്കുടിലുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
 
വിവാഹം
 
ഇതിനിടയില്‍ ബന്ധുക്കളുടെ നിര്‍ബന്ധം കൊണ്ട് നാണു ചാര്‍ച്ചയിലുളള കാളി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു. സ്വതേ ലൗകികാഭിമുഖ്യം ഇല്ലാതിരുന്ന നാണു, താമസിയാതെ വിവാഹജിവിതം വേണ്ടെന്ന് വച്ച് വീടുവിട്ടു.
 
അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠ
 
നിതാന്ത സഞ്ചാരിയായിരുന്നു നാണു ആശാന്‍. ഈ യാത്രകളിലെവിടെയോ വച്ച് ഷണ്‍മുഖദാസന്‍ എന്ന പേരുളള ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടി. ഈ കൂടിക്കാഴ്ച ആത്മാവിന്റെ പാതയിലൂടെ സഞ്ചരിച്ച് കൊണ്ടിരുന്ന ഇരുവര്‍ക്കും അമൃത തുല്യമായ അനുഭവമായിത്തീര്‍ന്നു.
 
ഇതിനകം നാണുവാശാന്‍ ജനങ്ങളുടെയിടയില്‍ നാരായണ ഗുരുസ്വാമി എന്നറിയപ്പെട്ടു തുടങ്ങി. സത്യാന്വേഷണ തല്‍പരനായ സ്വാമികള്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ ഏകാന്തവാസം തുടങ്ങി. വളരെ നാളത്തെ കഠിന തപസ്സിനുശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയിലെ അരുവിപ്പുറത്തെത്തി.
 
അരുവിപ്പുറം അതിമനോഹരമായ പ്രദേശമായിരുന്നു. പ്രകൃതിയുടെ ലാസ്യഭംഗി, കവികൂടിയായ നാരായണഗുരുസ്വാമിയെ വളരെ ആകര്‍ഷിച്ചു. ധാരാളം ആളുകള്‍ ഈശ്വരാന്വേഷണ കുതുകികളായി അദ്ദേഹത്തെ കാണാന്‍ വന്നുകൊണ്ടിരുന്നു. 1888 ലെ ശിവരാത്രി ദിനത്തില്‍ നാരായണഗുരു അരുവിപ്പുറത്തെ നദീതീരത്തുളള പാറപ്പുറത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു.
 
പില്‍ക്കാലത്തുണ്ടാകാന്‍ പോകുന്ന ഒരു മഹത്തായ സാമൂഹിക വിപ്ലവത്തിന്റെ നാന്ദിയായിരുന്നു അത്. തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ഏറ്റവും അവസാനത്തേത് കളവങ്കോടം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠയായിരുന്നു.
 
എസ്.എന്‍.ഡി.പി. യോഗ സ്ഥാപനം
 
അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം കറുത്തവാവ് തോറും ബലിയിടുന്നതിന് ആളുകള്‍ അവിടെ ചേരുമായിരുന്നു. 1898 ല്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ക്ഷേത്രയോഗം രജിസ്റ്റര്‍ ചെയ്തു. ഇതാണ് പില്‍ക്കാലത്ത് എസ്.എന്‍.ഡി.പി. യോഗ സ്ഥാപനത്തിന് പ്രേരണ നല്‍കിയത്.
 
1891 ല്‍ ഗുരുദേവന്‍ ആശാനെ കണ്ടുമുട്ടി. പിന്നീട് 1903 ല്‍ ഡോ.പല്‍പ്പുവിനെയും. ഇവരുടെയെല്ലാം ആവേശത്തിലും പ്രേരണയാലും ധര്‍മ്മപരിപാലനയോഗം സ്ഥാപിതമായി. കുമാരനാശാനായിരുന്നു യോഗത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി. ഡോ.പല്‍പ്പു, കുമാരനാശാന്‍, ടി.കെ.മാധവന്‍, സി.വി.കുഞ്ഞുരാമന്‍, ഇ.കെ.അയ്യാക്കുട്ടി, സി.കൃഷ്ണന്‍, മൂര്‍ക്കോത്ത് കുമാരന്‍, നടരാജ ഗുരു മുതലായവര്‍ ശ്രീനാരായണ സന്ദേശപ്രചാരകരുടെ മുന്‍പന്തിയില്‍ നിന്ന പ്രമുഖരാണ്.
 
ശിവഗിരിയിലെ പ്രതിഷ്ഠ
 
തന്റെ സഞ്ചാരത്തിനിടയില്‍ വര്‍ക്കലയിലെത്തി ശിവഗിരിക്കുന്നിന്റെ സൗന്ദര്യം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. 1912 ല്‍ വിദ്യാദേവതാ സങ്കല്‍പ്പത്തോടെ ഗുരുദേവന്‍ അവിടെ ശാരദാപ്രതിഷ്ഠ നടത്തി. 1914 ല്‍ ആലുവയില്‍ ഒരു അദൈത്വാശ്രമവും സംസ്‌കൃതപാഠശാലയും സ്ഥാപിച്ചു. 1916 ല്‍ ഗുരുദേവന്റെ ജന്മദിനം കേരളത്തിലൂടനീളം കൊണ്ടാടി. 1925ല്‍ ആലുവ അദൈത്വാശ്രമത്തില്‍ ഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച സര്‍വമത സമ്മേളനമാണ് മതസൗഹാര്‍ദ്ദ സംവാദത്തിന്റെ പ്രാരംഭം.
 
1922 ല്‍ രവീന്ദ്രനാഥടാഗോറും 1925 ല്‍ മഹാത്മാഗാന്ധിയും ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ചു. 1926 ല്‍ നാരായണഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശ്രീനാരായണ ധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിച്ചു.
 
സമാധി
 
1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ച് ഗുരു സമാധിയടഞ്ഞു. ജീവന്‍ വെടിയുന്നതുവരെ കര്‍മ്മ നിരതനായിരുന്നു ഈ യുഗപ്രഭാവന്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍