വീണ്ടും നിപയെ തോൽപ്പിച്ച് കേരളം, ഇനി ജാഗ്രത പുലർത്തേണ്ടത് ഇക്കാര്യങ്ങളിൽ !

ചൊവ്വ, 23 ജൂലൈ 2019 (15:47 IST)
രണ്ടാമതും സംസ്ഥാനത്ത് ഭീതി പടർത്തിയ നിപയെ യാതൊരു നഷ്ടവും കൂടാതെ പരാജയപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ കരുത്ത്. എറണാകുളത്ത് നിപ ബാധിച്ച യുവാവ് പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ഇതോടെ എറണാകുളം ജില്ലയെ നിപ മുക്ത ജില്ലയായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു.
 
കഴിഞ്ഞ വർഷം കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഉണ്ടായ നിപ ബാധ 17 ജീവനുകളാണ് കവർന്നെടുത്തത്. സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആരോഗ്യ പ്രതിരോധ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചതിനാലാണ് മരണസംഘ്യ പതിനേഴിൽ ഒതുക്കാനായത്, കോഴിക്കോട് ഒരു ഭീകര അന്തരീക്ഷം തന്നെ നിപ ഉണ്ടാക്കി. നിപ കെട്ടടങ്ങി മാസങ്ങളോളം ഈ ഭീതി നിലനിഒൽക്കുകയും ചെയ്തു.
 
കോഴിക്കോട് നിപബാധ കെട്ടടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ എറണാകുളത്ത് വീണ്ടും നിപ ബാധയുണ്ടായത് സംസ്ഥാനത്തെ ആകെ ഞെട്ടിച്ചു. 338 പേരെ നീരീക്ഷിച്ചു.17 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 58 സാംപിളുകൾ പരിശോധനക്ക് അയച്ചു. എന്നാൽ തുടക്കത്തിൽ താന്നെ കണ്ടെത്താൻ സാധിച്ചതോടെ വൈറസ് മറ്റാരിലേക്കും പകർന്നിരുന്നില്ല.
 
രോഗബാധ ഒഴിഞ്ഞുപോയെങ്കിലും ജാഗ്രത നമ്മൾ ഇനിയും തുടരേണ്ടതുണ്ട്. നഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 36 വവ്വാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ 12 എണ്ണത്തിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എറണാകുളത്തുനിന്നും ശേഖരിച്ച സാംപിളുകളാണ് ഇത്. 
 
വവ്വാലുകളിൽ വൈറസ് ബാധ നിലനിൽക്കാൻ സാധ്യത ഉള്ളതിനാൽ നിലത്തുവീണതോ വാവ്വാലുകളോ മറ്റു ജീവികളോ കടിച്ച പാടുകൾ ഉള്ളതോ ആയ പഴങ്ങൾ കഴിക്കാതിരിക്കുക. പനിയോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ തോന്നിയാൽ ആശുപത്രിയിൽ ചികിത്സ തേടാൻ മടുക്കുകയും ചെയ്യരുത്. ഭയമില്ലാതെ ഭാവിയിലേക്കുള്ള കരുതൽ സ്വീകരിക്കുകയാണ് ഇനി വേണ്ടത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍