ബീഫ് രാഷ്ട്രീയം തിരിഞ്ഞുകൊത്തി; മലപ്പുറത്ത് 'താമര’ വാടി, ഇത് ബിജെപിയുടെ അസ്തമനമോ?

സജിത്ത്

തിങ്കള്‍, 17 ഏപ്രില്‍ 2017 (12:41 IST)
കേന്ദ്രഭരണത്തിന്റെ പിന്തുണയിൽ മലപ്പുറത്തു ശക്തി തെളിയിക്കാനിറങ്ങിയ ബിജെപിക്കു കനത്ത തിരിച്ചടി. യുഡിഎഫിനും എൽഡിഎഫിനും വോട്ട് കൂടിയ സ്ഥാനത്താണ് ബിജെപി പിന്നോട്ട് പോയത്. ഇതുവരെ കാണാത്ത രീതിയില്‍ ശക്തമായ പ്രചാരണമാണു മണ്ഡലത്തിൽ ബിജെപി കാഴ്ചവച്ചത്. എങ്കിലും തിരഞ്ഞെടുപ്പിൽ അതു വോട്ടായി മാറിയില്ലെന്നാണ് പ്രധാനകാര്യം. മലപ്പുറത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ‘നേട്ടത്തിന്റെ’ നിഴലിലൊതുങ്ങേണ്ടിവരുകയാണ് ഇത്തവണ പാർട്ടിക്കെന്നതും ശ്രദ്ധേയമാണ്.
 
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് 64,705 വോട്ടുകളാണ് കിട്ടിയത്. അതായത് മൊത്തം പോൾ ചെയ്ത വോട്ടിന്റെ 7.58 ശതമാനം. ഇത്തവണ ഒരു ലക്ഷത്തിനു മുകളിൽ വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങിയതെങ്കിലും 65662 വോട്ടുകള്‍ മാത്രമേ ശ്രീപ്രകാശിന് കഴിഞ്ഞുള്ളൂ. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉള്‍പ്പെടെയുള്ളവര്‍ മണ്ഡലത്തിൽ ക്യാമ്പു ചെയ്തു പ്രചാരണത്തിനു നേതൃത്വം നൽകിയെങ്കിലും വോട്ടെണ്ണൽ ആദ്യഘട്ടം പിന്നിട്ടപ്പോൾ തന്നെ പാർ‍ട്ടിയുടെ പ്രതീക്ഷകളെല്ലാം തകർന്നടിയുകയായിരുന്നു. 
 
ബിജെപി മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ തിരിച്ചടിയായി മാത്രമേ ഈ തിരഞ്ഞെടുപ്പു ഫലത്തെ വ്യാഖ്യാനിക്കാന്‍ കഴിയൂ. കൂടാതെ കേന്ദ്രസർക്കാരിന്റെ ചില നിലപാടുകളോടുള്ള ജനങ്ങളുടെ എതിർപ്പും തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചു. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാന്‍ സാധിച്ചാല്‍ മണ്ഡലത്തില്‍ നല്ല ബീഫ് വിതരണം ചെയ്യുമെന്ന ബിജെപി സ്ഥാനാർഥി എൻ ശ്രീപ്രകാശിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചലനമുണ്ടാക്കിയിരുന്നു. എന്നാല്‍ മറ്റു പാർട്ടികളെല്ലാം ഇതു ബിജെപിക്കെതിരെയുള്ള പ്രചരണായുധമായി ഉപയോഗിച്ചതും തിരിച്ചടിയായി.  
 
എന്തുതന്നെയായാലും കേരളത്തിൽ ഭരണം പിടിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നോട്ടുവെച്ച് നീങ്ങുന്ന ബിജെപിക്ക് ആശ്വാസം പകരുന്നതരത്തിലല്ല മലപ്പുറത്തെ ഈ പ്രകടനം. സംസ്ഥാന ഒട്ടുമിക്ക നേതാക്കളും പ്രചാരണത്തിനിറങ്ങിയിട്ടുപോലും വോട്ടുകൾ കൂടാത്തത് പാർട്ടിക്കുള്ളിൽതന്നെ വിമർശനം ക്ഷണിച്ചുവരുത്തിയേക്കുമെന്ന് മാത്രമല്ല കേന്ദ്രനേതൃത്വത്തിന്റെ വിമർശനവും നേരിടേണ്ടിവന്നേക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

വെബ്ദുനിയ വായിക്കുക