ലോക്സഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി ആർക്കൊപ്പം, മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച രാഷ്ട്രീയ തന്ത്രം ?
തിങ്കള്‍, 25 ഫെബ്രുവരി 2019 (11:30 IST)
ലോക്സഭാ തിരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുകയാണ് ഓരോ രാഷ്ട്രീയ പാർട്ടികളും. കേരളത്തിൽ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് സംസ്ഥാനത്തുണ്ടായ ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെയാണ് എന്നത് വളരെ പ്രധാനമാണ്.
ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്നുള്ള സമരങ്ങൾ, ബി ജെ പിയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ വളർച്ച, ഏറ്റവുമൊടുവിൽ കാസഗോട്ട് ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ രാഷ്ട്രീയ കൊലപാതകങ്ങൾ. ഇക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളായി മാറും.
സംസ്ഥാനത്ത് രൂപപ്പെട്ട ഈ രാഷ്ട്രീയ സാഹചര്യങ്ങൾ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുക സംസ്ഥാന സർക്കാരിനെയു, സി പി എമ്മിനെയുമാണ്. കാസർഗോട്ട് നടന്ന യുത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സി പി എം പ്രാദേശിക നേതാക്കൾ പ്രതിസ്ഥാനത്ത് വന്നത് സർക്കാരിനെയും സി പി എമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കി.
ഈ സഹചര്യത്തെ എങ്ങനെ മറികടക്കാം എന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാനത്തെ സി പി എം നേതൃത്വം. സർക്കരിന്റെ 1000 ദിവസത്തെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്താതെ പോയതിന് സംസ്ഥാനത്തെ സാഹചര്യം കാരണമായതോടെ തിരഞ്ഞെടുപ്പിൽ ഇത് പ്രതികൂലമായി തന്നെ ബാധിക്കും എന്ന് സി പി എം നേതൃത്വത്തിന് വ്യക്തമായിട്ടുണ്ട്.
ഈ സഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി സന്ദർശനം നടത്തിയത് പ്രസക്തമാകുന്നത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പിൽഗ്രിം സേന്ററിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശന്റെ വീട് സന്ദശിക്കുകയായിരുന്നു.
മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പിൽ എസ് എൻ ഡി പി പരോക്ഷമായി ഇടതു പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇടതു പക്ഷ സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷം സ്വന്തമാക്കിയതിനുപിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു.
ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാടാണ് വെള്ളാപ്പള്ളിയും എസ് എൻ ഡി പി യോഗംവും സ്വീകരിച്ചത് എങ്കിലും സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി തയ്യാറായിട്ടില്ല. എന്ന് മാത്രമല്ല ബി ജെ പിയുടെയും എൻ എസ് എസിന്റെയും നീക്കങ്ങളെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ എസ് എൻ ഡി പിയുടെ പിന്തുണ കൂടുതൽ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച്. എൻ എസ് എസ് സർക്കാരിനും സി പി എമ്മിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു നിൽക്കുന്ന സഹചര്യത്തിൽ എസ് എൻ ഡി പിയുടെ പിന്തുണ സി പി എമ്മിന് അത്യാവശ്യവുമാണ്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ എസ് എസ്, ബി ജെ പിക്കൊപ്പമായിരിക്കും എന്നത് ഏതാങ്ങ് വ്യക്തമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ കോൺഗ്രസിനും ബി ജെ പിക്കും ഒരുപോലെ വെള്ളുവിളി ഉയർത്തേണ്ട സാഹചര്യം സംസ്ഥാന സി പി എമ്മിന് ഉണ്ടായിരിക്കുകയാണ്. വെള്ളാപ്പള്ളി ബി ജെ പി കേന്ദ്ര നേതൃത്വവുമായി അത്ര രസത്തിലല്ല. പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇടതുപക്ഷത്തോടൊപ്പം നിൽക്കാനായിരിക്കും, വെള്ളാപ്പള്ളി തീരുമാനം എടുക്കുക. ഈ തീരുമാനം കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ സന്ദർശനം എന്നാണ് കണക്കാക്കപ്പെടുന്നത്.