കമല്‍‌ഹാസന്‍ ഇപ്പോള്‍ പയറ്റുന്നത് ഒരു തന്ത്രം, പിന്നെയാണ് രാഷ്‌ട്രീയം!

ചൊവ്വ, 7 നവം‌ബര്‍ 2017 (19:10 IST)
നവംബർ ഏഴിന് പുതിയ പാർട്ടിയുമായി തമിഴ് രാഷ്ട്രീയത്തിലേക്ക് കമൽഹാസൻ എത്തുമെന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലം വിട. ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്റെ രാഷ്‌ട്രീയ അടിത്തറ ശക്തമാക്കുന്നതിനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നതെന്ന് ഇന്നത്തെ ചടങ്ങോടെ വ്യക്തമായി.

ശക്തമായ തമിഴ് വികാരത്തിനൊപ്പം നിലനില്‍ക്കുന്ന രാഷ്‌ട്രീയ കൂട്ടുക്കെട്ടുകളും ഭേദിച്ച് രാഷ്‌ട്രീയത്തില്‍ വേരുറപ്പിക്കണമെങ്കില്‍ അടിത്തട്ടില്‍ നിന്നു തന്നെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന തിരിച്ചറിവാണ് കമല്‍‌ഹാസനെ പെട്ടന്നുള്ള രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും തടഞ്ഞത്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കിൽ താഴെത്തട്ടിലിറങ്ങി ചിലകാര്യങ്ങൾ കൂടി മനസിലാക്കണമെന്ന് വ്യക്തമാ‍ക്കിയ കമല്‍ ജനങ്ങളുമായി അടുത്തബന്ധം സ്ഥാപിക്കാനും അവരുമായുള്ള അകലം കുറയ്‌ക്കുക എന്ന ലക്ഷ്യവും മുന്‍‌ നിര്‍ത്തി ‘മയ്യം വിസിൽ’ എന്ന മൊബൈൽ ആപ്പും പുറത്തിറക്കി.

ജനങ്ങളുമായി അടുപ്പം ശക്തമാക്കി കൂടുതല്‍ സ്വീകാര്യനാകുക എന്ന തന്ത്രമാണ് ആദ്യ പടിയായി കമല്‍ പയറ്റുന്നത്. ഇത് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

“ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ ആകണം. അതിനായി പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കണം, അങ്ങനെയൊരു സാഹചര്യത്തില്‍ മൊബൈല്‍ ആപ്പ് ഉപകാരപ്പെടും. എല്ലാവര്‍ക്കും നീതി ലഭ്യമാക്കി തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നുമാണ് കമല്‍ ചെന്നൈയില്‍ പറഞ്ഞത്.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ താന്‍ ധൃതി കാണിക്കുന്നില്ല എന്ന സന്ദേശവും കമല്‍ നല്‍കി. എന്നാല്‍, അധികം വൈകാതെ പാർട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ ശക്തമായ ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുള്ളതെന്ന് വ്യക്തമാണ്.

എന്നാല്‍, ബിജെപിയുടെ അപ്രീതിക്ക് കാരണമായ രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പ്രസ്താവനയില്‍ കമല്‍ തിരുത്താല്‍ വരുത്തിയത് നിലപാടുകളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റമാണോ എന്നുള്ള ആശങ്കകളും സജീവമാണ്. തീവ്ര ഹിന്ദുത്വ നിലപാടിനെക്കുറിച്ച് താന്‍ പറഞ്ഞത് ഹിന്ദുത്വ തീവ്രവാദമെന്ന തരത്തില്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം ഇന്ന് പറഞ്ഞത്.

ഉറച്ച നിലപാടുകള്‍ക്കൊപ്പം ജന മനസുകളെ സ്വാധീനിക്കുന്ന നയങ്ങളുമാകും കമല്‍‌ഹാസനെന്ന നടന് തമിഴ് രാഷ്‌ട്രീയത്തില്‍ നേട്ടങ്ങളുണ്ടാക്കി കൊടുക്കുക. അല്ലാത്തപക്ഷം അദ്ദേഹത്തെ കാത്തിരിക്കുന്നത് തിരിച്ചടികളായിരിക്കുമെന്നുമുള്ള വിലയിരുത്തലുകളും സജീവമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍