രണ്ടാംതവണയും വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച് ബിജെപിക്ക് വൻ തിരിച്ചടിയാണ് 2004 ലോക്സഭ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. 2004 ൽ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന എക്സിറ്റ് പോൾ ഫലങ്ങളിലെല്ലാം ബിജെപിക്കായിരുന്നു മുൻതൂക്കം . ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കും, ബിജെപിയുടെ വിജയം പ്രവചിച്ച മാധ്യമങ്ങൾക്കും ജനങ്ങളാണ് നൽകിയത് കനത്ത തിരിച്ചടിയാണ്. കോൺഗ്രസിൻറെ നേതൃത്വത്തിൽ യുപിഎ സർക്കാരാണ് അന്ന് അധികാരത്തിലേറിയത്.
2004ൽ മാത്രമല്ല 2009ലും എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റി. 2009 ൽ യുപിഎക്ക് ക്ഷീണമുണ്ടാകുമെന്ന എക്സിറ്റ് പോൾ നിരീക്ഷണങ്ങളും പാളിപ്പോയ പരീക്ഷണങ്ങളായി മാറി. ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ യുപിഎ സർക്കാരിനെ സമാജ് വാദി പാർട്ടി ആണ് അന്ന് അധികാരത്തിൽ നിലനിർത്തിയത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുപിഎ വൻ തിരിച്ചടി നേരിടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ബിജെപിയുടെ വിജയവും അധികാരം ഏറ്റെടുക്കലും അന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചുവെങ്കിലും അതെല്ലാം പാടെ തെറ്റുകയായിരുന്നു.
മോദി തരംഗം വീശിയടിച്ച 2014 ൽ പ്രധാന എക്സിറ്റ് പോൾ ഫല പ്രവചനങ്ങളെല്ലാം കൃത്യമായി മാറി. മോദിക്കും ബിജെപിക്കും വൻ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സർവേകൾ ഏറക്കുറെ സത്യമായിമാറിയെങ്കിലും കോൺഗ്രസ് നേടുന്ന സീറ്റുകളുടെ കാര്യത്തിൽ അവിടെയും മാധ്യമങ്ങൾക്ക് തെറ്റി. അന്ന് ബിജെപി നേടിയത് 282 സീറ്റുകൾ. കോൺഗ്രസ് 92 മുതൽ 102 സീറ്റുകൾ വരെ നേടുമെന്നായിരുന്നു പ്രവചനം. എന്നാൽ കോൺഗ്രസിന് ലഭിച്ചത് 44 സീറ്റുകൾ. 2014 ൽ ഇന്ത്യ ടുഡെ-സിസെറോ ബി.ജെ.പി.ക്ക് 261-283 സീറ്റുകളും കോൺഗ്രസിന് 110-120 സീറ്റുകളും പ്രവചിച്ചു.