“സോളിഡാരിറ്റി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു”

തിങ്കള്‍, 16 ഓഗസ്റ്റ് 2010 (18:47 IST)
PRO
“നിങ്ങളും സോളിഡാരിറ്റിയെന്ന യുവജനപ്രസ്ഥാനവും തമ്മിലുള്ള ബന്ധമെന്താണ്? നന്മയെ സ്‌നേഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, തിന്മയോട് തീര്‍ത്താല്‍ തീരാത്ത അരിശമുള്ള ആളാണ് നിങ്ങളെങ്കില്‍, മര്‍ദ്ദിതര്‍ക്കുവേണ്ടി നിങ്ങളുടെ കണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ ബാക്കിയുണ്ടെങ്കില്‍, മര്‍ദ്ദകര്‍ക്കെതിരെ ഉയര്‍ത്താന്‍ നിങ്ങളുടെ മുഷ്ടിക്ക് കരുത്തുണ്ടെങ്കില്‍ നിങ്ങളും സോളിഡാരിറ്റിയുടെ ഭാഗമാണ്..” സോളിഡാരിറ്റി എന്ന സംഘടനയെ പറ്റി സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പറയുന്നത് ഇതാണ്.

“ഞാന്‍ സോളിഡാരിറ്റിയെന്ന സംഘടനയെ അറിയുന്നത് നിരവധി സമരമുഖങ്ങളില്‍നിന്നാണ്. എന്റേതായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങള്‍ വച്ചുകൊണ്ടാണ് ഈ ജനകീയസമരങ്ങളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഞാന്‍ ചെന്ന മിക്ക സമരമുഖങ്ങളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധിച്ചപ്പോഴാണ് എന്താണിവരുടെ പ്രത്യയശാസ്ത്ര നിലപാടെന്നറിയാന്‍ ആഗ്രഹം ഉദിച്ചത്. അത്തരത്തിലുള്ള ഒരു അന്വേഷണത്തിലൂടെയാണ് എന്റെ നിലപാടുകളുമായി ഒട്ടനവധി സാമ്യം ഇവരുടെ നിലപാടുകള്‍ക്ക് ഉണ്ടെന്ന് കണ്ടെത്തിയത്” - എന്ന് പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ‌ആര്‍ നീലകണ്ഠന്‍ പറയുന്നു.

സോളിഡാരിറ്റിയെന്ന യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റ് പി മുജീബ് റഹ്മാനുമായി പ്രദീപ് ആനക്കൂട് നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇതാ -

സോളിഡാരിറ്റിയുടെ രാഷ്ട്രീയം

സോളിഡാരിറ്റി ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി ആയിട്ടില്ല ഇപ്പോള്‍. ആകാന്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ സോളിഡാരിറ്റി ഇപ്പോള്‍ ലക്‍ഷ്യം വയ്ക്കുന്നത് അത്തരം ഒരു ജനപക്ഷ ചേരി കേരളത്തില്‍ ഉയര്‍ന്നു വരണം എന്നാണ്. ഉയര്‍ന്നു വരുന്നതിന് അനുസരിച്ച് സോളിഡാരിറ്റിയുടെ റോള്‍ അപ്പോള്‍ തീരുമാനിക്കും. കേരളത്തിന്റെ സന്തുലിത വികസനത്തിനും കേരളത്തെ സംബന്ധിച്ചിടത്തോളം അടിസ്ഥാന വികസനം ഉള്‍പ്പെടെ സമഗ്രമായ കാഴ്ചപ്പാടുള്ള കൂട്ടായ്മയായി കേരളത്തില്‍ അത് രൂപപ്പെട്ട് വരുന്നുണ്ട്.

ഇപ്പോള്‍ സോളിഡാരിറ്റി രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു സാമൂഹിക പ്രസ്ഥാനമാണ്. അതുകൊണ്ട് കേരളത്തിലെ എല്ലാ സാമൂഹിക പ്രശ്നങ്ങളിലും സോളിഡാരിറ്റി ഇടപെടും. രാഷ്ട്രീയം, സാംസ്കാരികം എന്ന വ്യത്യാസമില്ലാതെ എല്ലാ വിഷയത്തിലും ഇടപെടും. പക്ഷേ, പൊളിറ്റിക്സിലേക്ക് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തു കൊണ്ട് രംഗത്തു വരാന്‍ സോളിഡാരിറ്റി ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, സോളിഡാരിറ്റിയുടെ മാതൃസംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം കൊടുക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സോളിഡാരിറ്റി അതിലേക്ക് വികാസം പ്രാപിച്ചേക്കാം. ചിലപ്പോള്‍ സോളിഡാരിറ്റി സോളിഡാരിറ്റിയായി നിന്നു കൊണ്ട് ഒരു പൊളിറ്റല്‍ പാര്‍ട്ടി പ്രത്യേകമായി ഉണ്ടാക്കിയേക്കാം. അതിന്റെ സ്ട്രക്ചറല്‍ കണ്‍സപ്റ്റ് മാറ്റി നിര്‍ത്തിയാല്‍ സോളിഡാരിറ്റി ആഗ്രഹിക്കുന്നത്, ഇവിടെയുള്ള വ്യത്യസ്ത ധാരകളുണ്ട്, രാഷ്ട്രീയ പാര്‍ട്ടികളിലുള്ള അസംതൃപ്തരായ നല്ല വ്യക്തിത്വങ്ങളുണ്ട്, നല്ല പരിസ്ഥിതി സംഘടനകളുണ്ട്, മനുഷ്യാവകാശ പ്രവര്‍ത്തകരുണ്ട്, ആക്റ്റിവിസ്റ്റുകളുണ്ട്. ഇവരൊക്കെ നേതൃത്വം നല്‍കുന്ന ഒരു പാട് ജനകീയ സമരങ്ങളുണ്ട്, അവരുയര്‍ത്തുന്ന ഒരു പാട് ഇഷ്യൂസുണ്ട്. ഇവയെല്ലാം ഏറ്റെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരു ജനപക്ഷ രാഷ്ട്രീയ ബദല്‍ കേരളത്തില്‍ രൂപപ്പെട്ട് വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അടുത്ത പേജില്‍ വായിക്കുക “കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം”

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം

PRO
ഒന്നാമത് ഇടത്-വലത് എന്ന വേര്‍തിരിവ് നഷ്ടപ്പെട്ടിരിക്കുന്നു. വലുത് പക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി സോളിഡാരിറ്റി പ്രതീക്ഷയര്‍പ്പിച്ചിരുന്നത് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലാണ്. മുതലാളിത്തവുമായി ബന്ധപ്പെട്ട്, സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട്, വികസനവുമായി ബന്ധപ്പെട്ട്, വര്‍ഗീയതയുമായി ബന്ധപ്പെട്ട്.

സോളിഡാരിറ്റി രൂപീകരിച്ചത് മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരായാണ്. ഇത് ന്യൂനപക്ഷ വര്‍ഗീയതയായാലും ഭൂരിപക്ഷ വര്‍ഗീയതയായാലും ഒരു പോലെയാണ്. ഈ നാല് വിഷയങ്ങളിലും പിന്തുണയ്ക്കാവുന്ന വിഭാഗങ്ങളില്‍ നമുക്ക് അല്പം ആഭിമുഖ്യം ഉണ്ടായിരുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തോടായിരുന്നെന്ന് വേണമെങ്കില്‍ പറയാം, പ്രശ്നാധിഷ്ഠിതമായി. പക്ഷേ, ഇടതുപക്ഷം അതിന്റെ ഇടതുപക്ഷം എന്ന വ്യതിരിക്തതയില്‍ നിന്നും മാറിയിരിക്കുന്നു. മുതലാളിത്ത അനുകൂല സമീപനമാണ് ഇടതുപക്ഷത്തു നിന്നും ഇപ്പോള്‍ പല വിഷയങ്ങളിലും കണ്ടു കൊണ്ടിരിക്കുന്നത്. വര്‍ഗീയ ഫാസിസത്തെ നേരിടുന്ന കാര്യത്തില്‍ പോലും ഹിന്ദുത്വ വര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് എങ്ങനെ വോട്ട് നേടാം എന്ന കേവല വോട്ട് രാഷ്ട്രീയമാണ് ഇടതു പക്ഷം നടത്തുന്നത്. വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയൊക്കെ ആ ഒരു സ്വഭാവത്തില്‍ ഉള്ളതാണ്. മൂന്നാമതൊന്ന് വികസനവുമായി ബന്ധപ്പെട്ട് യുഡി‌എഫിനേക്കാള്‍ വലതുപക്ഷവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ഇടതുപക്ഷം എന്ന് പറയേണ്ടുന്ന സ്ഥിതി കേരളത്തില്‍ വന്നിരിക്കുന്നു.

അത് കിനാലൂരായാലും എന്‍‌എച്ച് വികസനമായാലും കേരളത്തിലെ ഭൂപ്രകൃതിയും അതിന്റെ പരിസ്ഥിതിയും പരിഗണിച്ചുകൊണ്ടുള്ളതും ചരടുകളില്ലാത്തതും കേരളത്തിന്റെ പൊതുവഴി സ്വകാര്യവല്‍ക്കരിക്കാത്തതുമായ ഒരു വികസന കാഴ്ചപ്പാടിനു പകരം തീര്‍ത്തും മൂലധന ശക്തികളുടെ, അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന, അതിന് വളരെ ലാഘവത്തോടു കൂടി വഴിയൊരുക്കിക്കൊടുക്കുന്ന, വയ്ക്കാവുന്ന വ്യവസ്ഥകള്‍ പോലും വയ്ക്കാതെ, ഒരു മുതലാളിത്ത വ്യവസ്ഥിതിക്ക് അനുസരിച്ച് ഇടപെടല്‍ നടത്തുന്നതിന് ഇടതുപക്ഷത്തിനു പരിമിതികളുണ്ടാകാം. ഈ പരിമിതിയില്‍ നിന്നു കൊണ്ടു തന്നെ ആകാവുന്നത് പോലും ആകേണ്ടാത്ത രീതിയില്‍ ഇത്തരം മൂലധന മാഫിയകള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന വികസന കാഴ്ചപ്പാടാണ് ഇടതുപക്ഷം വച്ചുപുലര്‍ത്തുന്നത്.

ഈയൊരു സാഹചര്യത്തിലാണ് ഇടതും വലതും അല്ലാത്ത, മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും വര്‍ഗീയ ഫാസിസത്തോടും ശക്തമായി വിയോജിക്കുന്ന, ഭക്ഷണം, വീട്, ഭൂമി, തുടങ്ങിയ മൌലിക മനുഷ്യന്റെ മൌലിക പ്രശ്നങ്ങള്‍ക്ക് പരിഗണന കൊടുക്കുന്ന‍ ഒരു സംഘടന, ഏറ്റവും ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വച്ചാല്‍ ഒരു ഘട്ടത്തില്‍ എകെജി ഉള്‍പ്പെടെയുള്ളവര്‍ കൈകാര്യം ചെയ്തിരുന്നതാണ് ഈ പ്രശ്നങ്ങള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതു തന്നെ അങ്ങനെയാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒരിക്കല്‍ ഏറ്റെടുത്തിരുന്നതാണ് ഇടതു പ്രസ്ഥാനങ്ങള്‍. കേരളത്തില്‍ മൂന്നരലക്ഷത്തോളം ആളുകള്‍ ഭൂമിയില്ലാത്തവരായുണ്ട്. ഈ മൂന്നര ലക്ഷം ആളുകളുടെ ഭൂമിയുടെ കാര്യം ഇരുമുന്നണികള്‍ക്കും പ്രശ്നമല്ല. അതുപോലെ തന്നെ വികസനക്കാര്യത്തില്‍ ജനങ്ങളോടൊപ്പമുള്ള നിലപാടല്ല, കടന്നുവരുന്ന കോര്‍പറേറ്റുകളോടൊപ്പമുള്ള നിലപാടാണ് മുന്നണികള്‍ക്കുള്ളത്. ഇങ്ങനെ ഓരോന്നോരോന്നെടുത്താല്‍ കുടിവെള്ളം, വിദ്യാഭ്യാസം; സ്വാശ്രയ കോളേജ് സമീപനത്തിനെതിരെ ശക്തമായ സമരം നടത്തിയിട്ടാണ് ഇടതുപക്ഷം വന്നത്, എന്നാല്‍ വലതു പക്ഷത്തുനിന്ന് വ്യത്യസ്തമായി സ്വാശ്രയ പ്രശ്നത്തില്‍ ഒരു ചുവടുവയ്പ്പ് നടത്താനും ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. സ്വാശ്രയ മാനേജ്മെന്റുകളുടെ എല്ലാ കൊള്ളയ്ക്കും കൂട്ടു നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈയൊരവസ്ഥയില്‍ ഇരുമുന്നണികളും ജനങ്ങളെ വിസ്മരിക്കുകയും ജനങ്ങളുടെ മൌലിക പ്രശ്നങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നിടത്താണ് ഇതിനു മുന്‍‌ഗണന കൊടുക്കുന്ന ഒരു ബദല്‍ ചേരി വളര്‍ന്നു വരണമെന്ന് ആഗ്രഹിക്കുന്നത്.

അടുത്ത പേജില്‍ വായിക്കുക “കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍”

കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍

PRO
വഴിപ്പെടേണ്ടി വരുന്നു എന്ന അവസ്ഥയിലല്ല ഇന്ത്യയുള്ളത്. ആസിയന്‍ കരാറില്‍ അല്ലെങ്കില്‍ ആണവ കരാറില്‍ നമുക്ക് തലവച്ച് കൊടുക്കാതെയുമിരിക്കാമായിരുന്നു. ഇന്ത്യ എന്ന് പറയുന്നത് സാങ്കേതികമായും സൈനികമായും ഏഷ്യന്‍ രാജ്യങ്ങളില്‍ കരുത്തുള്ള ഒരു രാജ്യമാണ്. ഇന്ത്യയോട് ഏറ്റുമുട്ടല്‍ സമീപനം സ്വീകരിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കഴിയില്ല. കാരണം ഇന്ത്യ കരുത്തുള്ള രാജ്യമാണ്. രാജ്യ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഭേദഗതികള്‍ പോലും നിര്‍ദ്ദേശിക്കാതെ ഇപ്പോള്‍ ആണവ കരാറുമായി ബന്ധപ്പെട്ട ആണവ ബാധ്യതാ ബില്‍ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇങ്ങനെ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും വകവച്ചുകൊടുക്കുന്ന കരാറുകളില്‍ നിന്നും നമ്മുടെ അത്ര പോലും കരുത്തില്ലാത്ത രാജ്യങ്ങള്‍ വിട്ടു നില്‍ക്കുന്നുണ്ട്. മാറി നില്‍ക്കുകയും വിട്ടു നില്‍ക്കുകയും ചെയ്യുന്നതിന് പകരം രാജിയാവുകയും വഴിപ്പെടുകയും ചെയ്യുന്ന സാമ്രാജ്യത്വ അനുനയ സമീപനമാണ് യു‌പി‌എ സര്‍ക്കാ‍ര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ നില്‍ക്കേണ്ടതാണ് ഇടതുപക്ഷം, എന്നാല്‍ അവരും ഇപ്പോല്‍ തഥൈവ എന്ന സമീപനമാണ് സ്വീകരിക്കുന്നത്. കിനാലൂര്‍ പ്രശ്നത്തിലൊക്കെ അത് വ്യക്തമാണ്.

പരിസ്ഥിതി തീവ്രവാദം

കേരളത്തില്‍ ഇരുനൂറോളം ജനകീയ സമരങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഒരുപാടെണ്ണം വിജയിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സമരങ്ങളില്‍ തങ്ങളില്ലെങ്കില്‍ ഒന്നുകില്‍ അവര്‍ ആരോപിക്കുന്നത് മാവോയിസം അല്ലെങ്കില്‍ തീവ്രവാദം. മൂലമ്പിള്ളിയില്‍ തീവ്രവാദികളുണ്ടായിരുന്നുവെന്ന് ആരോപിച്ചു. എന്‍ എച്ച് സമരത്തില്‍ മാവോയിസ്റ്റ് ബന്ധം സുധാകരന്‍ ആരോപിച്ചു. ചെങ്ങറ സമരത്തില്‍ തീവ്രവാദ ബന്ധം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപിച്ചു. ജനകീയ സമരങ്ങളെ ആശയപരമായി നേരിടാന്‍ സിപി‌എം സന്നദ്ധമാകുന്നില്ല. അതുയര്‍ത്തുന്ന പ്രശ്നങ്ങളെ അഡ്രസ് ചെയ്യാന്‍ സിപി‌എം സന്നദ്ധമാകുന്നില്ല. പകരം രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനം കാണിക്കുന്ന ഉയര്‍ന്ന നിലവാരത്തിനു പകരം ഒട്ടും രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത ബാലിശമായ ആരോപണങ്ങളിലൂടെയാണ് സിപി‌എം കേരളത്തിലെ മൌലിക പ്രശ്നങ്ങളെയും അതുയര്‍ത്തുന്ന സമരത്തെയും അതിനു പിന്നിലുള്ള സമര സംഘടനകളെയും നേരിടുന്നത്. അവര്‍ക്ക് ഇതിനെ പ്രത്യയശാസ്ത്രപരമായി നേരിടാന്‍ കഴിയേണ്ടിയിരുന്നു. ആ പ്രത്യയശാസ്ത്ര പാപ്പരത്വം കൊണ്ടാണ് സിപി‌എം ഇത്തരം പ്രതിലോമകരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസല്ലല്ലോ സിപി‌എം. സിപി‌എമ്മിന് വ്യക്തമായ രാഷ്ട്രീയ ഉള്ളടക്കമുണ്ട്. ഈ ഉള്ളടക്കത്തിന് നിരക്കാത്ത തലത്തിലേക്ക് പാര്‍ട്ടി എത്തിപ്പെട്ടപ്പോള്‍ ഉള്ളടക്കമില്ലാത്തവര്‍ കാര്യങ്ങളെ നേരിടുന്നതുപോലെ തന്നെയാണ് സിപി‌എം ഇത്തം സമരങ്ങളെ നേരിടുന്നത്.

സിപി‌എം മാറുന്നു

സിപി‌എം മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ജയപരാജയങ്ങള്‍ തെളിയിക്കപ്പെടേണ്ടതാണ്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന അര്‍ത്ഥത്തില്‍ അത് തകരുകയാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന അര്‍ത്ഥത്തില്‍ അത് മാറിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ അത് മാറുന്നത് പോലും കേരളീയ സമൂഹത്തില്‍ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവല്‍ക്കരണം, കേരളത്തിലെ മധ്യവര്‍ഗ്ഗ പൊതുബോധം, ഇത്തരമൊരു ഘട്ടത്തില്‍ പാര്‍ട്ടി അതിനനുസരിച്ച് മാറുകയാണ്. ഈ മാറ്റത്തോടെ സിപി‌എമ്മിന് ഉണ്ടാകുന്നത് മറ്റൊരു സ്പേസ് ആണല്ലോ. ഈ സ്പെയിസ് കേരളം വകവച്ചു കൊടുക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. രണ്ട് വലത് പക്ഷ പാര്‍ട്ടികളെ കേരളത്തിന് അവശ്യമില്ല. പക്ഷേ, കേരളത്തില്‍ അങ്ങനെയാണിപ്പോള്‍ സംഭവിക്കുന്നത്. ഇടതുപക്ഷവും വലതു പക്ഷവും തമ്മില്‍ സമാനതകളേറുകയും വ്യത്യാസം നന്നേ ചുരുങ്ങുകയും വ്യത്യാസമേയില്ല എന്ന് അഞ്ചു വര്‍ഷം കൊണ്ട് തെളിയുകയും ചെയ്തതാണ്.

അടുത്ത പേജില്‍ വായിക്കുക “രാഷ്‌ട്രീയത്തില്‍ മതം ഇടപെടുമ്പോള്‍”

മതം രാഷ്ട്രീയം

PRO
ഇപ്പോള്‍ കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ കാരണം, മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതാണോ? രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടെ താല്‍പ്പര്യത്തിനു വേണ്ടി പല പ്രശ്നങ്ങളുടെയും അടിസ്ഥാനത്തില്‍ മതത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. ബാബറി മസ്ജിദ് പോലും, ഹിന്ദു മത സമൂഹമല്ല അതിന്റെ ഉത്തരവാദികള്‍. കോണ്‍ഗ്രസ് സ്വീകരിച്ച ഹിന്ദുത്വ പ്രീണന സമീപനമാണ്. ഹിന്ദു മതം അതിന് ഉത്തരവാദിയല്ല. സോളിഡാരിറ്റിയെ സംബന്ധിച്ചിടത്തോളം സാമൂഹിക ഉള്ളടക്കമുള്ള ഒരു മതത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. സാമൂഹിക മണ്ഡലത്തില്‍ 7 വര്‍ഷമായി ഇടപെടുന്നത് ഈ ഉള്ളടക്കത്തോടു കൂടിത്തന്നെയാണ്. അത് ബഹുസ്വരതയ്ക്കോ, വൈവിധ്യത്തിനോ, മതങ്ങള്‍ക്കിടയിലുള്ള സഹവര്‍ത്തിത്വത്തിനോ കോട്ടം തട്ടിക്കുന്ന രീതിയില്‍ രൂപപ്പെട്ടിട്ടില്ല. മതങ്ങള്‍ അങ്ങനെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ വേര്‍പെടുത്തി നിര്‍ത്താ‍ന്‍ കഴിയില്ല. മതതിന് അതിരു വരയ്ക്കാന്‍ കഴിയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മതം മനുഷ്യനു വേണ്ടിയാണ്. മനുഷ്യനെ വിഭജിക്കാന്‍ കഴിയില്ല. എന്റെ ആത്മാവിനെയും എന്റെ ജീവിതത്തെയും വേര്‍പെടുത്താന്‍ കഴിയില്ല, പസ്പരം ഇടകലര്‍ന്നതാണ്. എവിടെയാണ് നാം മതത്തിന് അതിരു വരയ്ക്കുക. ആരാധനയില്‍ മാത്രം മതി പിന്നെ ജീവിതത്തില്‍ അത് വേണ്ടേ. ഈയൊരര്‍ത്ഥത്തില്‍ മതം മാത്രമല്ല പ്രശ്നം, മതവികാരത്തെ അല്ലെങ്കില്‍ മതത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റായി ഉപയോഗിക്കുന്നതുകൊണ്ടാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

പോപ്പുലര്‍ ഫ്രണ്ട്, സംഘപരിവാര്‍

ഇരു വിഭാഗത്തെയും വളര്‍ത്തുന്നത് സാമ്രാജ്യത്വ ശക്തികള്‍ തന്നെയാണ്. പോപ്പുലര്‍ ഫ്രണ്ടിനു പിന്നിലും മറുഭാഗത്തുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ക്ക് പിന്നിലും രാജ്യത്തെ ശിഥിലമാക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ കരങ്ങളില്ലാതിരിക്കില്ല. ഭിന്നിപ്പിക്കുക, ആധിപത്യം നേടുക എന്നതാണ് സാമ്രാജ്യത്വ ഗൂഢാലോചന. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് എളുപ്പം സാധിക്കുക ഒരു ബഹുമത സമൂഹം എന്ന നിലയില്‍ മതങ്ങളെ പരസ്പരം സംശയത്തിലേക്കും ശൈഥില്യത്തിലേക്കും തള്ളിവിടുക എന്നതിലൂടെയാണ്. ഇത്തരം ആഗോള താല്‍പ്പര്യങ്ങള്‍ക്ക് മുസ്ലിം യുവാക്കള്‍ ചട്ടുകങ്ങളാകുന്നു. ഇതു രണ്ടും അപകടകരമാണ്. പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ വ്യത്യസ്തമായ അവതാരങ്ങളെയും സോളിഡാരിറ്റി തുടക്കം മുതല്‍ ശക്തമായി എതിര്‍ക്കുന്നത് അതുകൊണ്ടാണ്. ഒരു പക്ഷേ, കേരളത്തിലെ ഒട്ടുമിക്ക മുസ്ലീം സംഘടനകളിലെയും ആളുകള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വഴിയെ സഞ്ചരിച്ചിട്ടുണ്ടാകാം. എന്നാല്‍ ജമാത്തെ ഇസ്ലാമിയില്‍ നിന്നോ സോളിഡാരിറ്റിയില്‍ നിന്നോ ഒരാളും ആ വഴിയേ സഞ്ചരിച്ചിട്ടില്ല. സാമുദായികത അവര്‍ ഉപയോഗിക്കുന്നത് ഒരു മതത്തിന്റെ ബേസില്‍ നിന്നിട്ടാണ്. മതത്തിന്റെ ബേസില്‍ നിന്ന് ഇത്തരം തീവ്രവാദത്തിനും സാമുദായികതയ്ക്കും ഇടമില്ല എന്ന് മുസ്ലീം സമൂഹത്തെ എജ്യുക്കേറ്റ് ചെയ്യുന്നതില്‍ മുന്നില്‍ നിന്ന പ്രസ്ഥാ‍നമാണ് ജമാത്തെ ഇസ്ലാമി.

(ഫോട്ടോ കടപ്പാട് - ഇല്ലിനോയിസ് യൂണിവേഴ്സിറ്റി)

അടുത്ത പേജില്‍ വായിക്കുക “മുസ്ലീം ലീഗിനെ പറ്റി പറയുമ്പോള്‍”

മുസ്ലീം ലീഗിനെ പറ്റി പറയുമ്പോള്‍

PRO
മുസ്ലീം ലീഗ് ഒരു സാമുദായിക പാര്‍ട്ടിയാണ്. ഒരു ബഹുസ്വര സമൂഹം സാമുദായികതയെ അംഗീകരിക്കുന്നില്ല. ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പോലും മത രാഷ്ട്രീയ പാര്‍ട്ടി ആകില്ല. കേരളത്തിന്റെ വൈവിധ്യങ്ങളെ വകവച്ചു കൊടുക്കുന്ന പൊതുധാരയെയാണ് പൊളിറ്റിക്കല്‍ പാര്‍ട്ടി എന്നു പറയുന്നത്. മുസ്ലീം ലീഗ് തീര്‍ത്തും സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയാണ്.

മുസ്ലീം ലീഗ് തുടക്കം മുതല്‍ തന്നെ പബ്ലിക്കായി തീവ്രവാദ പ്രവണതകളെ എതിര്‍ക്കുകയും എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ഘടകകക്ഷിയായിരുന്ന അല്ലെങ്കില്‍ മതസംഘടനയായ ഇകെ സുന്നി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള കാരണം വിലയിരുത്തിയപ്പോള്‍ പറഞ്ഞത് എന്‍‌ഡി‌എഫിനെ ലീഗ് അമിതമായി താലോലിച്ചു എന്നാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ഒളിഞ്ഞു തെളിഞ്ഞും താലോലിച്ചതും അവരെ പലപ്പോഴും രക്ഷപെടുത്താന്‍ നോക്കിയതും ലീഗാണ്. ആശയപരമായി പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലായ്മ ചെയ്യാന്‍ ലീഗ് ശ്രമിച്ചതായി നമുക്കറിയില്ല. രാഷ്ട്രീയ പാര്‍ട്ടികളാണ് വര്‍ഗീയ കക്ഷികളെ വളര്‍ത്തിയത്. ഇരു വര്‍ഗീയതയെയും ലീഗ് വളര്‍ത്തിയിട്ടുണ്ട്. ബേപ്പൂര്‍, വടകര കൂട്ടുകെട്ട് നമുക്കൊക്കെ അറിയാവുന്നതാണ്. ചില പഞ്ചായത്തുകളില്‍ ലീഗും ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധവും നമുക്കറിയാം. ഹിന്ദുത്വ വര്‍ഗീയതയോട് സോഫ്റ്റ് കോര്‍ണര്‍ സമീപനം മുസ്ലീം ലീ‍ഗ് പലപ്പോഴും സ്വീകരിച്ചിട്ടുണ്ട്. അവരുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്. അത് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

എന്‍ഡി‌എഫിനെ മുസ്ലീം സമൂഹം മാറ്റി നിര്‍ത്തിയ ഒരു ഘട്ടത്തില്‍ സംവരണവിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്‍ഡി‌ഫുമായി വേദിപങ്കിട്ടത് ലീഗാണ്. ജമാത്തെ ഇസ്ലാമി ഇതുവരെ എന്‍‌ഡി‌എഫുമായി വേദി പങ്കിട്ടിട്ടില്ല. മുസ്ലീം ലീഗ് എന്‍‌ഡി‌എഫുമായി പലപ്പോഴും വേദി പങ്കിട്ടുണ്ട്. ഇങ്ങനെ എന്‍‌ഡി‌എഫിനെ വളര്‍ത്തുന്നതില്‍ ലീഗ് അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വഹിച്ചിട്ടുണ്ട്. സി‌പി‌എം പോലും. കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ തവണ തലശേരിയില്‍ എന്‍ഡി‌എഫിന്റെ സഹായം സ്വീകരിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ കൈയ്യിലെ കളിപ്പാവകളാണ് ജനങ്ങള്‍ ഭയപ്പെടുന്ന മത വര്‍ഗീയത എന്നത്.

അങ്ങനെ വര്‍ഗീയതയ്ക്കു വേണ്ടി ആളുകള്‍ പലപ്പോഴും ഉപയോഗപ്പെടുത്തുന്ന ഒരു പൌരോഹിത്യ മതത്തെ കുറിച്ചല്ല സോളിഡാരിറ്റി പങ്കു വയ്ക്കുന്നത്. എല്ലാവരും അംഗീകരിക്കുന്ന പ്രവാചകന്മാരൊക്കെ പ്രതിനിധീകരിച്ച നീതിയുടെ പക്ഷത്തു നില്‍ക്കുന്ന മനുഷ്വത്വത്തില്‍ അധിഷ്ടിതമായ, മതസങ്കുചിത വീക്ഷണമില്ലാത്ത, അവര്‍ഗീയമായ വൈവിധ്യത്തെ അംഗീകരിക്കുന്ന മൌലിക അവകാശങ്ങളില്‍ മനുഷ്യര്‍ തുല്യരാണെന്ന് കാണുന്ന മനുഷ്യപ്പറ്റുള്ള ഒരു വീക്ഷണമാണ് അതിന്റേത്. അത് അപകടകരമല്ല എന്നതിന്റെ തെളിവ് സോളിഡാരിറ്റി തന്നെയാണ്. അപകടകരമായിരുന്നെങ്കില്‍ ഏഴുവര്‍ഷം കൊണ്ട് ചെറുതായെങ്കിലും തെളിയിക്കപ്പെടുമായിരുന്നു.

കൈവെട്ട് സംഭവത്തില്‍ അധ്യാപകന്‍ ജോസഫിനു രക്തം നല്‍കാന്‍ സോളിഡാരിറ്റിയുടെയും ജമാത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തകര്‍ ഓടിയെത്തിയത് അവരോട് മുകളില്‍ നിന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടല്ല. സാമുദായികമല്ലാത്ത മനുഷ്യത്വപരമായ വീക്ഷണമാണ് അവര്‍ക്കുള്ളത് എന്നതുകൊണ്ടാണത്.

വെബ്ദുനിയ വായിക്കുക