ലോകത്തിന് ഇതുവരെ പരിചിതമല്ലാത്ത രീതിയിലേക്ക് വരള്‍ച്ചയും ജലദൗര്‍ലഭ്യവും കൂടുമ്പോഴാണ് അശാസ്ത്രീയമായ മനുഷ്യന്റെ ഇടപെടലുകളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ജലദിനം കൂടി കടന്നുപോയത്. ഇത്തരം ഒരു ദിവസത്തില്‍ മാത്രം ഒതുക്കേണ്ടതാണൊ ജലസംരക്ഷണത്തേക്കുറിച്ചുള്ള ചര്‍ച്ച? ചൂടുകാലത്ത് വെള്ളത്തിന്റെ ലഭ്യതക്കുറവും മഴക്കാലത്ത് വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കൂടി വരുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ടതും ചിന്തിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ജലം പാഴാക്കരുത് എന്ന ആശയത്തേക്കാള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത് ജലം സംരക്ഷിക്കുക എന്നതാണ്. ഒഴികിപ്പോകുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്ക് തന്നെ എത്തിച്ച് കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ സാധാരണഗതിയില്‍ ആക്കേണ്ടത് മനുഷ്യന്റെ കടമയാണ്.
2030 ആകുമ്പോഴേക്കും ലോകത്തിലെ ജലസമ്പത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഭൂഗര്‍ഭജല സംരക്ഷണത്തിന് ലോകരാജ്യങ്ങള്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ ലോകം ദാഹിച്ചു വലയും. കൃഷിയ്ക്കും, വ്യവസായത്തിനും, നിത്യോപയോഗത്തിനുമുള്ള ജലം പോലും കിട്ടാതാകും. അത്തരമൊരു അവസ്ഥ വരാതിരിക്കണമെങ്കില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി ലോകജനത ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.
1. ലോക ജനതയുടെ പത്തില്‍ ഒരാള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കടുത്ത ചൂടിന് പുറമെ ശുദ്ധജലം സംരക്ഷിക്കുന്നതിലെ പോരായ്മകളാണ് ഈ മേഘല നേരിടുന്ന പ്രധാന പ്രശ്നം.
2. ലോകത്തെ മൂന്നില്‍ ഒരു സ്കൂളിലും ശുദ്ധജലം ലഭിക്കുന്നില്ലാ എന്നാണ് ഐക്യരാഷ്ട്ര അടക്കമുള്ള ആഗോള സംഘടനകള്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
3. ദിവസേന വീടുകളില്‍ വെള്ളം എത്തിക്കുന്നതിനായി സ്ത്രീകള്‍ ചിലവിടുന്നത് 125 മില്ല്യണ്‍ മണിക്കൂറാണ്.
4. എല്ലാ 90 സെക്കന്റിലും ജലസംബന്ധമായ അസുഖങ്ങള്‍ കാരണം ഒരു കുട്ടി മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
5. 2050 ഓടെ ലോകത്തെ പകുതി ജനങ്ങള്‍ക്കും ശുദ്ധജലം കിട്ടാത്ത അവസ്ഥയാകും.
സുസ്ഥിരവികസനത്തിന് ജലമെന്ന ആശയമാണ് ഈ വര്‍ഷത്തെ ജലദിനത്തില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചത്. ഈ ആശയം പ്രാവര്‍ത്തികമാക്കണമെങ്കില്‍ മാറ്റം തുടങ്ങേണ്ടത് ഒരോ വ്യക്തികളിലും നിന്നാണ്. അല്ലെങ്കില്‍ ശുദ്ധജലം എന്ന ആശയം വര്‍ഷാവര്‍ഷം നടക്കുന്ന ജലദിനത്തിലെ ബോധവല്‍ക്കരണത്തില്‍ മാത്രം ഒതുങ്ങും.