ശാശ്വതീകാനന്ദ: ദുരൂഹത തീരുന്നില്ല!

ബുധന്‍, 26 ഓഗസ്റ്റ് 2009 (14:10 IST)
PRO
PRO
ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും ബാക്കി. സ്വാമിയുടെ രണ്ട് സഹായികളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാന്‍ ക്രൈബ്രാഞ്ച് തീരുമാനിച്ചത് കേസിലെ സുപ്രധാന വഴിത്തിരിവാകുമോ എന്ന് കണ്ടറിയണം. 2002 ജൂ‍ലൈ ഒന്നിന്‌ ആലുവ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ശാശ്വതീകാന്ദയുടെ മുങ്ങി മരണം. എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്ന ശാശ്വതീകാനന്ദയെ മരണത്തിലും വിവാദം വിടാതെ പിന്തുടരുകയായിരുന്നു.

ശ്രീനാരായണ ദര്‍ശനത്തെ മാനവികമായ രീതിയില്‍ വ്യാഖ്യാനിച്ച്‌ മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. മതത്തിന്റെ കെട്ടുപാടുകളില്‍ നിന്ന്‌ ശ്രീനാരായണ ദര്‍ശനത്തെ മാനവികതയുടെ ദര്‍ശനമായി മാറ്റാന്‍ അദ്ദേഹം ശ്രമിച്ചു. ശ്രീനാരായണ ദര്‍ശനത്തില്‍ അഗാധപാണ്ഡിത്യമുളള ശാശ്വതികാനന്ദ ഈ വിഷയത്തില്‍ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു.

ആറാം വയസില്‍ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട്‌ സ്വദേശി ശശിധരന്‍ പിന്നീട്‌ ശ്രീനാരായണ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി. പൂര്‍വാശ്രമത്തില്‍ ശശി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വാമി ശാശ്വതികാനന്ദ 1952-ല്‍ തിരുവനന്തപുരത്തെ മണക്കാട്ട്‌ പഴഞ്ചിറ കാരിക്കര ചെല്ലപ്പന്റെയും വര്‍ക്കല സ്വദേശിനി കൗസല്യയുടെയും മകനായി ജനിച്ചു.

പിതൃസഹോദരന്‍ സ്വാമി കുമാരാനന്ദയോടൊപ്പമാണ്‌ അദ്ദേഹം ശിവഗിരിയിലെത്തുന്നത്‌. വര്‍ക്കല എസ്‌ എന്‍ സ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം നേടിയ സ്വാമി എസ്‌ എന്‍ കോളജിലാണ്‌ ബിരുദ പഠനം നടത്തിയത്‌. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വേദപഠനത്തിന്‌ ചേര്‍ന്ന്‌ പഠിച്ച അദ്ദേഹം പഠനാനന്തരം 1977ല്‍ സ്വാമി ബ്രഹ്മാനന്ദയില്‍ നിന്ന്‌ സന്ന്യാസം സ്വീകരിച്ചു.

തുടര്‍ന്ന്‌ സ്വാമി ശാശ്വതികാനന്ദ ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡംഗമായി. 1979ല്‍ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക്‌ നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട്‌ ചവട്ടിക്കയറിയത്‌ വളര്‍ച്ചയുടെ കൊടുമുടിയായിരുന്നു. 1984-ലെ തെരഞ്ഞെടുപ്പിലാണ്‌ സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്‌. അന്നത്തെ ജനറല്‍ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതിനെ തുടര്‍ന്ന്‌ സ്വാമി ശാശ്വതികാനന്ദ വിവാദങ്ങളുടെ കയത്തില്‍ വീണു.

അടുത്ത പേജില്‍ വായിക്കുക “പിന്നെയും ശിവഗിരി ഭരണം കൈപ്പിടിയില്‍”

PRO
PRO
കനത്ത എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും പിന്നീട്‌ 1989ല്‍ ശിവഗിരി മഠം തെരഞ്ഞെടുപ്പില്‍ ശാശ്വതികാനന്ദ വീണ്ടും പ്രസിഡന്റായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ച്‌ എതിര്‍വിഭാഗം കോടതിയില്‍ നിന്ന്‌ തങ്ങള്‍ക്കനുകൂലമായി വിധി സമ്പാദിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ്‌ ശിവഗിരിയില്‍ പൊലീസ്‌ നടപടിയില്‍ കൊണ്ടെത്തിച്ചത്‌.

1994ല്‍ മഠം ഭരണം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന്‌ ഹൈക്കോടതി ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. പിന്നീട്‌ നടന്ന തെരഞ്ഞെടുപ്പില്‍ ശാശ്വതികാനന്ദയുടെ പക്ഷത്തെ പരാജയപ്പെടുത്തി സ്വാമി പ്രകാശാനന്ദ മഠാധിപതിയാകുകയും ചെയ്തു. 1995-ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ശാശ്വതികാനന്ദ പക്ഷത്തെ ഒഴിവാക്കി ശിവഗിരിയില്‍ പ്രകാശാനന്ദ പക്ഷത്തെ അവരോധിയ്ക്കാന്‍ ശ്രമിച്ചത്‌ വലിയ വിവാദമായിരുന്നു. പൊലീസ്‌ ലാത്തിച്ചാര്‍ജിലും വെടിവയ്പിലുമൊക്കെ കലാശിച്ച ഈ സംഭവം പിന്നീട്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പരാജയത്തിന്‌ ഒരു കാരണമായി.

തുടര്‍ന്ന്‌ നടന്ന നിയസഭാതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പ്രകാശാനന്ദ ഭരണസമിതിയെ പുറത്താക്കി അഡ്‌മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. 1996 ഒക്ടോബര്‍ 11-ന്‌ ശിവഗിരിയിലെ പൊലീസ്‌ നടപടിയിലൂടെ പുറത്താക്കപ്പെട്ട ശാശ്വതികാനന്ദ ആറു വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശാനന്ദ പക്ഷത്തെ കീഴ്പ്പെടുത്തി ശിവഗിരി ഭരണം കൈപ്പിടിയിലൊതുക്കി. 2001 ഒക്ടോബര്‍ 11-ന്‌ നടന്ന ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്‌ തെരഞ്ഞെടുപ്പില്‍ സ്വാമി ശാശ്വതികാനന്ദ മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ പക്ഷം മുഴുവന്‍ സീറ്റുകളും സ്വന്തമാക്കി.

എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന സ്വാമി ശിവഗിരി മഠം ട്രസ്റ്റിലേതുപോലെ എസ്‌ എന്‍ ഡി പിയോഗത്തിലെയും സജീവ സാന്നിധ്യമായിരുന്നു. മരിക്കുമ്പോള്‍ 50 വയസായിരുന്നു. ആലുവായിലെ അദ്വൈതാശ്രമത്തിലെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ സ്വാമി ശാശ്വതീകാനന്ദ കാല്‍വഴുതി നിലയില്ലാക്കയത്തില്‍ വീണ്‌ ശ്വാസംമുട്ടി മരിച്ചുവെന്നാണ്‌ പൊലീസിന്റെ നിഗമനം.

അദ്വൈതാശ്രമത്തില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ യോഗം നടത്താന്‍ നിശ്ചയിച്ചിരുന്നു. സന്യാസിമാരും മറ്റ്‌ നേതാക്കളും ഇതില്‍ പങ്കെടുക്കാനായി സ്ഥലത്തെത്തി. രാവിലെ ഒമ്പത്‌ മണിയോടെ തിരുവനന്തപുരത്ത്‌ നിന്ന്‌ കാറിലെത്തിയ സ്വാമി പുഴക്കടവിലേക്ക്‌ പോയി. ആശ്രമത്തിലെ കുളിമുറിയില്‍ അദ്ദേഹത്തിന്‌ കുളിക്കാന്‍ ചൂടുവെള്ളം തയ്യാറാക്കിയിരുന്നു. 15 മിനിറ്റ്‌ കഴിഞ്ഞിട്ടും സ്വാമിയെ കാണാതായപ്പോള്‍ ശിഷ്യര്‍ അന്വേഷിച്ചിറങ്ങി. ശ്വാസം നിലച്ചുകൊണ്ടിരിക്കുന്ന സ്വാമിയുടെ ശരീരമാണ്‌ അവര്‍ക്ക്‌ പുഴയില്‍ നിന്ന്‌ വീണ്ടെടുക്കാനായത്‌.

മഠത്തിനകത്തും പുറത്തും നിരവധി ശത്രുക്കളെ സമ്പാദിച്ച ശാശ്വതീകാനന്ദ തനിക്കു നേരെ ഉയര്‍ന്ന ഭീഷണികളെ പുച്ഛിച്ചു തള്ളുകയായിരുന്നു. ശാശ്വതീകാനന്ദയെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാകാം എന്ന സംശയം ബലപ്പെടാനുള്ള കാരണവും അതുതന്നെയാണ്.

വെബ്ദുനിയ വായിക്കുക