ജലനിരപ്പിനൊപ്പം ആശങ്കയും ഉയരുന്നു; കേരളം പ്രക്ഷോഭത്തിലേക്ക്

ഞായര്‍, 27 നവം‌ബര്‍ 2011 (17:35 IST)
PRO
PRO
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്ന സൂചനയാണ് കേരളത്തില്‍ വ്യാപിക്കുന്ന പ്രക്ഷോഭസമരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തോരാതെ പെയ്യുന്ന മഴയില്‍ ഡാമിലെ ജലനിരപ്പുയരുന്നതും, ഡാമിന്റെ അപകടാസ്ഥയും കേന്ദ്രത്തെ നേരില്‍ക്കണ്ട് ധരിപ്പിക്കാന്‍ മന്ത്രിമാരായ പി ജെ ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിങ്കളാഴ്ച ഡല്‍ഹിക്ക് പോകും.

മുല്ലപ്പെരിയാറിന്റെ പരിസരപ്രദേശങ്ങളില്‍ ജനകീയപ്രക്ഷോഭം വ്യാപിക്കുകയാണ്. ഇടുക്കിയുടെ അടുത്ത ഗ്രാമങ്ങളില്‍ പ്രതിഷേധസമരങ്ങള്‍ ശക്തിപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയപാര്‍ട്ടി ഭേദമില്ലാതെയാണ് ആളുകള്‍ പ്രതിഷേധങ്ങള്‍ക്കായി അണിനിരക്കുന്നത്. ഈ പ്രദേശങ്ങളില്‍ കഴിയുന്ന തമിഴരും സമരങ്ങള്‍ക്ക് ഒപ്പമുണ്ട്. വണ്ടിപ്പെരിയാറില്‍ പ്രതിഷേധക്കാര്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചു. തമിഴാട്നാട് സര്‍ക്കാര്‍ നിലപാട് മാറ്റണം എന്നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

പീരുമേട് താലൂക്കില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തുന്നുണ്ട്. ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുല്ലപെരിയാര്‍ സമരസമിതി ചെയര്‍മാന്‍ സി പി റോയിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു കഴിഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മ മുല്ലപ്പെരിയാറിലേക്ക് വാഹനറാലി സംഘടിപ്പിക്കുകയും ചെയ്തു.

അതേസമയം ഡാമിലെ ജലനിരപ്പ് 136 അടിയാകാതിരിക്കാന്‍ ഇറച്ചിപ്പാലം വഴി തമിഴ്നാട് വെള്ളം ഒഴുക്കിവിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡാം ആശങ്കാജനകമായ സ്ഥിതിയിലല്ല എന്ന് പ്രചരിപ്പിക്കാനാണ് തമിഴ്നാടിന്റെ നീക്കം.

വെബ്ദുനിയ വായിക്കുക