ഇത്തിരി വാഴക്കാര്യം

ബുദ്ധിമാന്‍മാരുടെ പഴം, മനുഷ്യന്‍ ആദ്യം കൃഷി ചെയ്ത വിള, സമൂലം ഔഷധ ഗുണമുള്ള സസ്യം ഏതാണെന്നറിയാമോ? കേട്ടു പേടിക്കേണ്ട. ഇതെല്ലാം നമുക്ക് സുപരിചിതമായ വാഴയുടെ വിശേഷണങ്ങളാണ്.

വാഴയ്ക്കും വാഴപ്പഴത്തിനും മലയാളികളുടെ ജീവിതവുമായി ഏറെ ബന്ധമുണ്ട്. വാഴയിലയും വാഴപ്പഴവുമില്ലാത്ത സദ്യകള്‍ മലയാളികള്‍ക്കു ചിന്തിക്കാനാവില്ല., അതേപോലെ പൊതിച്ചോറിലെ വാഴയില മണം മലയാളിയില്‍ ഗൃഹാതുരത്വ സ്മരണയുണര്‍ത്തുന്നു.

അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയില്‍ വാഴകൃഷിക്ക് പ്രാചാരം നല്‍കിയതെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്. ബി.സി. 600-ലെ ബുദ്ധമത ഗ്രന്ഥങ്ങളില്‍ വാഴയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്.

ഇന്ത്യയെക്കൂടാതെ മലയ, പസഫിക് ദ്വീപുകള്‍, ഇന്തോനേഷ്യ, ഈജിപ്ത്, വെസ്റ്റിന്‍ഡീസ്, ആഫ്രിക്ക, ബ്രസീല്‍, ന്യൂസ്ലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും വാഴകൃഷിയുണ്ട്. ഇന്ത്യയില്‍ മാത്രം ഏകദേശം 50,000 ഹെക്ടര്‍ വാഴ കൃഷിയുണ്ടെന്നാണ് കണക്ക്.

വാഴയും ഒരു കല്പവൃക്ഷം

വാഴയുടെ എല്ലാ ഭാഗവും ഉപയോഗ യോഗ്യമാണ്. അതുകൊണ്ട് വാഴയും ഫലത്തില്‍ കല്പവൃക്ഷമാണ്. എന്നാല്‍ ഏറ്റവും കൂടുതലും എല്ലാ ആള്‍ക്കാരും ഉപയോഗിക്കുന്നത് വാഴക്കായാണ്.

ഏതു ഘട്ടത്തിലുള്ള വാഴക്കായും ഉപയോഗയോഗ്യമാണ്. കദളി പൂജാദികര്‍മ്മത്തിനും ഔഷധ നിര്‍മ്മാണത്തിനും മാത്രമാണ് ഉപയോഗിക്കുന്നത്.

പഴുക്കാത്ത വാഴക്കായ പാകം ചെയ്താണ് ഭക്ഷിക്കുന്നത്. ഇതില്‍ അന്നജത്തിന്‍റെ അംശം വളരെ കൂടുതലാണ്. കുറച്ചു പഴുത്ത വാഴക്കായ മധുരമുള്ളതും അന്നജത്തിന്‍റെ അംശം വളരെ കൂടിയതുമാണ്

നന്നായി പഴുത്ത കായകള്‍ കറുത്ത നിറത്തിലായിരിക്കും കാണുന്നത്. ഇവയെ മധുരപലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

നന്നായി പഴുത്ത കായകളെ മദ്യ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്.


വാഴയുടെ പോഷക ഗുണം

വാഴക്കായില്‍ ശരീരത്തിന് അത്യാവശ്യമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെള്ളം - 10.62, ആല്‍ബുമിനോയ്ഡ്സ് - 3.55, കൊഴുപ്പ് - 1.15, ധാന്യകങ്ങള്‍ - 81.67, നാരുകള്‍ - 1.15, ഫോസ്ഫേറ്റ്സ് - 0.26, ലവണങ്ങള്‍ - 1.6 എന്നീ ഘടകങ്ങള്‍ വാഴക്കായില്‍ അടങ്ങിയിരിക്കുന്നു. ഇതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് എത്തക്കാപ്പൊടി നല്‍കുന്നത് അവരുടെ വളര്‍ച്ചയ്ക്ക് വളരെ പ്രയോജനം ചെയ്യുന്നു.

വാഴക്കാ പോലെ തന്നെ വാഴയിലയും പ്രധാനപ്പെട്ടതാണ്. ഭക്ഷണം കഴിക്കാനാണ് വാഴയില പ്രധാനമായും ഉപയോഗിക്കുന്നത്. വാഴയിലയിലെ സദ്യ മലയാളിയുടെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. ഔഷധത്തിനായും വാഴയില ഉപയോഗിക്കുന്നുണ്ട്.

തളിരിലകള്‍ വയറുവേദനയ്ക്ക് കണ്‍കണ്ട ഔഷധമാണ്. കൂടാതെ ചൊറി, ചിരങ്ങ്, നീര്, തീപ്പൊള്ളല്‍ മൂലമുണ്ടാകുന്ന കുമിളകള്‍, നേത്രരോഗം എന്നിവയ്ക്കും വാഴയില ഔഷധമായി ഉപയോഗിക്കുന്നു.


വ്യാവസായിക ഉത്പന്നം

വാഴനാരുകള്‍ വസ്ത്രം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വാഴ്നാര് പട്ട് സാരി പ്രസിദ്ധമാണ്. കരകൗശലവസ്തുക്കള്‍ ഉണ്ടാക്കാനായും വാഴനാരുകള്‍ ഉപയോഗിക്കാറുണ്ട്. വാഴനാര് കൊണ്ടുണ്ടാക്കിയ കൗതുകവസ്തുക്കള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. മാലകളും ഹാരങ്ങളും ഉണ്ടാക്കാന്‍ വാഴനാരുപയോഗിക്കുന്നുണ്ട്.

വാഴപ്പിണ്ടി ഔഷധവും ഭക്ഷണവും

വാഴപ്പിണ്ടി ഔഷധമായും ഭക്ഷ്യവസ്തുവായും ഉപയോഗിക്കുന്നുണ്ട്. വാഴപ്പിണ്ടി കൊണ്ടുണ്ടാക്കുന്ന തോരന്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.

വാഴപ്പിണ്ടി ഗുരുവും ശീതളവുമാണ്. ഇതിന്‍റെ നീര് പ്രമേഹരോഗ ശാന്തിക്കും മൂത്രത്തിലെ കല്ല് നശിപ്പിക്കാനും ഉപയോഗിക്കുന്നു. ദാഹം, ചുട്ടുനീറ്റല്‍, മൂത്രകൃച്ഛ്രം, അതിസാരം, അസ്ഥിസ്രാവം, ശുക്ളസ്രാവം, രക്തപിത്തം, നീര്‍ പൊള്ളുകന്‍ എന്നിവയ്ക്കും വാഴപ്പിണ്ടി ഔഷധമായി ഉപയോഗിക്കുന്നു.

വാഴയുടെ മാണം ഭക്ഷണമായി ചിലര്‍ ഉപയോഗിക്കാറുണ്ട്. എത്യോപ്യക്കാര്‍ വാഴ കൂമ്പിടുന്നതിനു മുമ്പുള്ള മാണം പാകം ചെയ്ത് കഴിക്കാറുണ്ട്. കൂടാതെ വാഴക്കുന്നുകളെയും അവര്‍ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.

വാഴയുടെ വേര് കൃമികളെ നശിപ്പിക്കാനും രക്തശുദ്ധിക്കും ആരോഗ്യവര്‍ദ്ധനവിനും ഔഷധമായി ഉപയോഗിക്കുന്നു.

കേരളത്തിലെ വാഴകള്‍

കേരളത്തില്‍ സാധാരണ കൃഷിചെയ്യുന്ന വാഴയിനങ്ങള്‍ നേന്ത്രന്‍, പാളയംതോടന്‍, പൂവന്‍, പടറ്റി, മൊന്തന്‍, കപ്പ, കൂമ്പില്ലാക്കണ്ണന്‍, കര്‍പ്പൂരവള്ളി മുതലായവയാണ്. നല്ല നീര്‍വാര്‍ച്ചയും ജൈവാംശവുമുള്ള മണ്ണാണ് വാഴകൃഷിയ്ക്ക് ഉത്തമം.

ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് വാഴകൃഷിയ്ക്ക് ഉത്തമം. ചുവടില്‍ നിന്ന് പൊട്ടിവരുന്ന സൂചിക്കന്നുകളാണ് നടാന്‍ നന്ന്.

വാഴയ്ക്ക് കീടരോഗ ബാധകള്‍ കുറവാണ്. കറുനാമ്പ്, കൊക്കാന്‍ എന്നിവയാണ് പ്രധാനമായും വാഴകളെ ബാധിക്കുന്നത്. ഇവയെ ഇല്ലാതാക്കാന്‍ ഫോസ്ഫേറ്റ് രൂപത്തിലുള്ള കീടനാശിനി നടുമ്പോള്‍ തന്നെ ഉപയോഗിക്കാറുണ്ട്.

വാഴയുടെയും വാഴപ്പഴത്തിന്‍റെയും കഥകളങ്ങനെയൊക്കെയാണ്. വാഴയുടെ പ്രത്യേകതകള്‍ മനസ്സിലാക്കിയതുകൊണ്ടാവാം മറ്റു പുതുവിളകള്‍ പലതും വന്നിട്ടും വാഴയെ കൈവിടാന്‍ മലയാളിക്ക് മനസ്സു വരാത്തത്.

വെബ്ദുനിയ വായിക്കുക