ദാമോദര മേനോന്‍ - സൗമ്യവും പ്രസന്നവുമായ നേതൃത്വം

ഇന്ത്യയിലെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രസന്നവും ദീപ്തവുമായ മുഖങ്ങളിലൊന്നാണ് കെ എ ദാമോദര മേനോന്‍ .

പത്രാധിപര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, മന്ത്രി എന്നിങ്ങനെ പല നിലകളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച അദ്ദേഹം 1980 നവംബര്‍ ഒന്നിന് കേരളപിറവി ദിനത്തിലാണ് അന്തരിച്ചത് .

കളപ്പുരയ്ക്കല്‍ തങ്ങു അമ്മയുടെയും കരുമാലൂര്‍ താഴത്തുവീട്ടില്‍ അച്ച്യുതന്‍ പിള്ളയുടേയും ഇളയമകനായി 1906 ജൂണ്‍ 10ന് ദാമോദരന്‍ മേനോന്‍ ജനിച്ചു. പറവൂര്‍ ഹൈസ്കൂളിലും തിരുവനന്തപുരത്തുമായിരുന്നു വിദ്യാഭ്യാസം.

സമദര്‍ശിയുടെ പത്രാധിപത്യത്തില്‍ നിന്നാരംഭിച്ച അദ്ദേഹത്തിന്‍റെ പത്രപ്രവര്‍ത്തനം പതിനാലു വര്‍ഷത്തെ മാതൃഭൂമിയുടെ പത്രാധിപത്യത്തിലൂടെ വളര്‍ന്നു. ഒരിടവേളയ്ക്കു ശേഷം മാതൃഭൂമി പത്രാധിപരായിരിക്കെയാണ് 1942 ഓഗസ്റ്റില്‍ പത്രാധിപക്കസേരയില്‍ നിന്നദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.

45 ല്‍ ജയില്‍ വിമുക്തനായശേഷം വീണ്ടും മാതൃഭൂമി പത്രാധിപരായി 1948 ജൂലൈയില്‍ കെ.പി.കേശവമേനോന്‍ സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തി. തുടര്‍ന്നു ദാമോദരമേനോന്‍ മാതൃഭൂമിയുടെ പത്രാധിപത്യം ഒഴിഞ്ഞു.

ഇടക്കാല പാര്‍ലമെന്‍റിലേയും ലോക്സഭയിലേയും അംഗമായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം കേരള സര്‍ക്കാരിന്‍റെ വ്യവസായമന്ത്രിയായും പ്രവര്‍ത്തിച്ചു. സമരത്തിന്‍റെയും ഭരണത്തിന്‍റെയും പലരംഗങ്ങളിലൂടെയും കടന്നുപോയ അദ്ദേഹം ഗാന്ധി യുഗത്തിലേയും തുടര്‍ന്നു സ്വാതന്ത്ര്യാനന്തര കേരളത്തിലേയും മുന്‍ നിരയിലുള്ള നേതാക്കന്മാരിലൊരാളായിരുന്നു.

പാലക്കാട്ടു നടന്ന കോNണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത ദാമോദരമേനോന് അവിടെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പൊതിരെ തല്ലുകിട്ടി. തുടര്‍ന്നു നടന്ന കേസില്‍ അദ്ദേഹത്തെ ഒന്‍പതു മാസത്തേക്ക് ശിക്ഷിച്ചു. പിന്നീടു ഒട്ടേറെ വര്‍ഷങ്ങള്‍ അദ്ദേഹം തടവില്‍ കിടന്നിരുന്നു.

അദ്ദേഹം 1942 ജൂണ്‍ 12 ന് വിവാഹം ചെയ്തു. ലീലാ ദാമോദരമേനോന്‍ ഭര്‍ത്താവിന്‍റെ കാല്‍പാടുകള്‍ തുടര്‍ന്നു രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴേക്കും ക്വിറ്റിന്ത്യാ സമരവും ജയില്‍ വാസവുമായി. 1945 ജൂണിലാണ് ജയില്‍ വിമുക്തനായത്.

1949 ല്‍ തിരുവിതാംകൂറില്‍ നിന്നും താത്കാലിക പാര്‍ലമെന്‍റിലേക്കദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. വീണ്ടും കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. ദാമോദരമേനോന്‍ ആചാര്യ കൃപലാനിയുടെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയിലംഗമായി.

ഐക്യ കേരള രൂപവത്കരണത്തോടുകൂടി ദാമോദരമേനോന്‍ കോണ്‍ഗ്രസിലേക്കു തിരിച്ചുവന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂരില്‍ നിന്നദ്ദേഹം പരാജയപ്പെട്ടു. വിമോചനസമരം വീണ്ടും തെരഞ്ഞെടുപ്പ്. ഇത്തവണ അദ്ദേഹം കേരള സര്‍ക്കരിന്‍റെ വ്യവസായ മന്ത്രിയായി.

കളമശ്ശേരിയിലും കേരളത്തിന്‍റെ മറ്റുഭാഗങ്ങളിലും വ്യവസായങ്ങള്‍ തുടങ്ങുവാനും നിലവിലുള്ളവ പുഷ്ടിപ്പെടുത്തുവാനുമുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ വിജയിച്ചു.

ധീരനും കരുത്തനും സാഹസികനുമായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു കെ.എ ദാമോദരന്‍ മേനോന്‍. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ അകൃഷ്ടനായിരുന്നില്ലെങ്കില്‍ അദ്ദേഹം ഭാവനാസമ്പന്നനായ ഒരു കവിയും എഴുത്തുകാരനുമാകുമയിരുന്നു.

വെബ്ദുനിയ വായിക്കുക