പേനയെ ചൊല്ലി തർക്കം, സഹപാഠി എട്ടാംക്ലാസുകാരിയെ കുത്തിയത് 19 തവണ, ക്രൂരമായ സംഭവം ഇങ്ങനെ
ഞായര്‍, 15 ഡിസംബര്‍ 2019 (17:44 IST)
പരീക്ഷയെഴുതാൻ സ്കൂളിലേക് പോയ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതേ സ്കൂളിലെ വിദ്യാർത്ഥിനിയായ പത്തുവയസുകാരിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പേനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പത്തുവയസുകാരി എട്ടാം ക്ലാസുകാരിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ മാതാപിതാക്കൾ കൂട്ടുനിന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
രജസ്ഥാനിലെ ജെയ്‌പൂരിലാണ് സംഭവം. പരീക്ഷയെഴുതാൻ സ്കൂളിലേക്ക് പോയ എട്ടാം ക്ലാസുകാരിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച പരീക്ഷയെഴുതാൻ സ്കൂളിലെത്തിയ എട്ടാംക്ലാസുകാരിയു പത്തുവയസുകാരിയും തമ്മിൽ പേനയെ ചൊല്ലി തർക്കം ഉണ്ടായിരുന്നു.
പരീക്ഷ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ എട്ടാംക്ലാസുകാരി താനുമായി വഴക്കുണ്ടാക്കിയ സഹപാഠിയെ വീട്ടിലെത്തി കാണാൻ തീരുമാനിച്ചു. വേഷം മാറിയ ശേഷം പെൺകുട്ടി പത്ത് വയസുകാരിയുടെ വീട്ടിലെത്തി. സ്കൂളിൽ നടന്ന സംഭവത്തെ ചൊല്ലി ഇവിടെ വച്ച് ഇരുവരും തമ്മിൽ കയ്യാംകളിൽ ഉണ്ടാവുകയായിരുന്നു. ഇതിനിടയിൽ പത്ത് വയസുകാരി എട്ടാം ക്ലാസുകാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു. ശരീരത്തിൽ നിന്നും രക്തം വരാൻ തുടങ്ങിയതോടെ ഇക്കാര്യം പോലീസിൽ അറിയിക്കും എന്ന് എട്ടാം ക്ലാസുകാരി ഭീഷണിപ്പെടുത്തി.
ഇത് കേട്ട് ഭയന്ന പത്ത് വയസുകാരി മൂർച്ചയുള്ള അയുധം ഉപയോഗിച്ച് എട്ടാം ക്ലാസുകാരിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പത്തൊൻപത് തവണയാണ് പെൺകുട്ടി സഹപാഠിയെ കുത്തിയത്. ഈ സമയം പെൺകുട്ടിയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇതോടേ സംഭവം ഒളിപ്പിക്കാനായി പെൺക്കുട്ടിയുടെ ശ്രമം. സംഭവസ്ഥലം കഴുകി വൃത്തിയാക്കിയ ശേഷം എട്ടാം ക്ലാസുകാരിയുടെ മൃതദേഹം പെൺകുട്ടി പ്ലസ്റ്റിക് കവറിലാക്കി.
അമ്മ വീട്ടിലെത്തിയതോടെ പെൺകുട്ടി കാര്യങ്ങൾ അമ്മയോട് തുറന്നുപറഞ്ഞു. സംഭവം അറിഞ്ഞതോടെ മകളെ രക്ഷിക്കുന്നതിനായി മൃതദേഹം ഇവർ സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. അച്ഛൻ വീട്ടിലെത്തിയതോടെ അമ്മ അച്ഛനോടും കാര്യങ്ങൾ പറഞ്ഞു. വീടിന് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തിയാൽ പിടിക്കപ്പെടും എന്ന് ഭയന്ന് മൃതദേഹം വീണ്ടും പുറത്തെടുത്ത് ദാമ്പതികൾ മറ്റൊരു സ്ഥലത്ത് ഉപേക്ഷികയായിരുന്നു.
മൃതദേഹത്തിൽ കണ്ടെത്തിയ ഒരു കമ്മലാണ് കേസിൽ വഴിത്തിരിവായത്, ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്ത് വയസുകാരിയുടെ വീട്ടിൽ പൊലിസ് തിരച്ചിൽ നടത്തി. ഇതോടെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ കുറ്റം സമ്മതിക്കുകയും ചെയ്തു. കൊലപാതകം മറച്ചുവച്ചതിനും മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ചതിനുമാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്.