നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിലെ അര്‍ധസെഞ്ചുറി പ്രകടനത്തോടെ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നെതര്‍ലന്‍ഡ്‌സിനെതിരായ അര്‍ധസെഞ്ചുറിയോടെ ഈ ലോകകപ്പില്‍ 503 റണ്‍സ് സ്വന്തമാക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. ഇതോടെ ലോകകപ്പ് ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ 500 റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കി.
നേരത്തെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നിലധികം ലോകകപ്പുകളില്‍ 500ന് മുകളില്‍ റണ്‍സ് നേടിയിരുന്നു. എന്നാൽ ഇത് തുടര്‍ച്ചയായ ലോകകപ്പുകളില്‍ ആയിരുന്നില്ല. ഇത്തവണ നായകനെന്ന നിലയിലാണ് രോഹിത് 500+ റണ്‍സുകള്‍ ലോകകപ്പില്‍ നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ നായകനാണ് രോഹിത് ശര്‍മ. ഇതിനൊപ്പം തന്നെ ഒറ്റ ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സ്, ഫോര്‍ എന്നിവ നേടിയ താരമെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാണ്.