ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എട്ടാം സെമി, വിജയപ്രതീക്ഷയിൽ ടീം ഇന്ത്യ

ചൊവ്വ, 14 നവം‌ബര്‍ 2023 (18:43 IST)
ലോകകപ്പിലെ അപരാജിതമായ മുന്നേറ്റത്തിലൂടെ സെമിയിലെത്തിയ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. കഴിഞ്ഞ തവണ സെമിയിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ നോക്കൗട്ട് ഘട്ടങ്ങളില്‍ കാലിടറുന്നുവെന്ന പേരുദോഷം മായ്ച്ചുകളയാന്‍ ഇന്ത്യയ്ക്ക് നാളെ വിജയം അത്യാവശ്യമാണ്. ലോകകപ്പ് ചരിത്രത്തില്‍ 8 തവണ സെമിയിലെത്തിയിട്ടുണ്ടെങ്കിലും 3 തവണ മാത്രമാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിട്ടുള്ളത്.
 
1983 ലെ ലോകകപ്പിലായിരുന്നു ഇന്ത്യ ആദ്യമായി സെമിയിലെത്തിയത്. അന്ന് വിജയം നേടിയ ഇന്ത്യ ഫൈനലില്‍ ശക്തരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച്‌കൊണ്ട് തങ്ങളുടെ കന്നികിരീടം നേടിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ ജാതകം തിരുത്തിയെഴുതിയതായിരുന്നു ഈ വിജയം. 1987ലും 1996ലും ഇന്ത്യ സെമി ഫൈനല്‍ കളിച്ചിരുന്നു. 87ല്‍ ഇംഗ്ലണ്ടിനെതിരെയും 96ല്‍ ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കയോടും ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയെ പരാജയപ്പെടുത്തിയ ശ്രീലങ്കയായിരുന്നു 96ലെ കിരീടം നേടിയത്.
 
2003ലെ ലോകകപ്പില്‍ സെമി ഫൈനലും ജയിച്ച് ഇന്ത്യന്‍ പട ഫൈനല്‍ വരെ മുന്നേറി. സെമിയില്‍ കെനിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.സെമിയില്‍ വമ്പന്‍ വിജയം നേടാനായ ഇന്ത്യ പക്ഷേ വമ്പന്‍ തോല്‍വിയാണ് ലോകകപ്പ് ഫൈനലില്‍ ഏറ്റുവാങ്ങിയത്. ഇതിന് ശേഷം 2011ലെ ലോകകപ്പിലാണ് ഇന്ത്യ വീണ്ടും സെമിയിലെത്തിയത്. സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെയും തകര്‍ത്ത് കിരീടം സ്വന്തമാക്കിയിരുന്നു.
 
2015ലെയും 2019ലെയും ലോകകപ്പുകളില്‍ ഇന്ത്യ സെമി ഫൈനല്‍ വരെ മുന്നേറിയിരുന്നു. എന്നാല്‍ 2015ല്‍ ഓസ്‌ട്രേലിയയോടും കഴിഞ്ഞ തവണ ന്യൂസിലന്‍ഡുമായും ഇന്ത്യ പരാജയപ്പെട്ടു. ഇത്തവണ ന്യൂസിലന്‍ഡുമായി സെമി കളിക്കാനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ഒന്നിലും ഇന്ത്യന്‍ ടീം ആശ്വാസം കൊള്ളില്ല. അത് തെളിയിക്കുന്നതാണ് ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഇന്ത്യയുടെ പ്രകടനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍