ഇന്ത്യൻ ബാറ്റിംഗ് നിര അമ്പേ പരാജയപ്പെടുന്നു? അടിച്ചാൽ ‘എറിഞ്ഞ് വീഴ്ത്തുന്ന’ ബൌളിംഗ് നിര !
ശനി, 29 ജൂണ്‍ 2019 (10:21 IST)
പരിക്ക് പറ്റി ശിഖർ ധവാൻ പുറത്തായത് മുതൽ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കഷ്ടകാലമാണ്. ഉദ്ദേശിച്ചതൊന്നും അങ്ങ്ട് ഏൽക്കുന്നില്ല. രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ഔട്ട് ആയി കഴിഞ്ഞാൽ സമ്മർദ്ദം ചുമലിലേറ്റിയാണ് പിന്നെ ഇറങ്ങുന്ന ഓരോ ബാറ്റ്സ്മാന്മാരും ക്രീസിലിറങ്ങുന്നത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ തോൽവിയിൽ നിന്നും പിടിച്ച് കയറിയാണ് ഇന്ത്യ ജയിച്ചത്. പാകിസ്ഥാനുമായുള്ള മത്സരം വരെ ഇന്ത്യയുടെ ബാറ്റിംഗ് നിര ശക്തമായിരുന്നു. രോഹിതിന്റേയും കോഹ്ലിയുടെയും മികച്ച പെഫോമൻസ് തന്നെയായിരുന്നു കാരണം. എന്നാൽ, അതിനു ശേഷമുണ്ടായ രണ്ട് കളികളിലും ഇന്ത്യയുടെ ബാറ്റ്സ്മാന്മാർക്ക് വിചാരിച്ചത്ര പെർഫോം ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ് വിമർശകർ കണ്ടെത്തിയിരിക്കുന്നത്.
ധവാന്റെ പുറത്താകലിനോട് കൂടി ടീമിന്റെ ബാറ്റിംഗ് അടിത്തറ ശക്തമാക്കേണ്ടത് രോഹിതിന്റേയും കോഹ്ലിയുടെയും ചുമതലയായി മാറിയിരിക്കുകയാണ്. ആദ്യത്തെ മൂന്നു കളികളിൽ 2 സെഞ്ചുറിയും ഒരു അർധശതകവും കുറിച്ച രോഹിത് 2 കളികളിൽ നിറം മാറി പെർഫോം ചെയ്തതോടെ ആ ഭാരം കൂടി കോഹ്ലിയുടെ തലയിലായി.
ധവാന് പകരമെത്തിയത് കെ എൽ രാഹുൽ ആണെങ്കിലും ഇതുവരെയുള്ള കളികളിൽ ‘പകരക്കാരൻ’ ആകാൻ രാഹുലിന് സാധിച്ചിട്ടില്ല. പൊതുവേ പതുക്കെ തുടങ്ങുന്ന രോഹിതിനു മേലും ഇപ്പോൾ സമ്മർദ്ദമുണ്ട്. രാഹുലിന്റെ മെല്ലപ്പോക്ക് കാരണമാണ് തുടക്കത്തിൽ തന്നെ കൂറ്റനടിക്ക് ശ്രമിച്ച് രോഹിത് പുറത്താകുന്നത്. കോലിയും രോഹിത്തും കഴിഞ്ഞാൽ പലപ്പോഴും ഇന്ത്യയെ തുണച്ചത് പാണ്ഡ്യയുടെ പ്രകടനമാണ്. കഴിഞ്ഞ കളിയിൽ ധോണിയും മോശമല്ലാതെ തിളങ്ങി.
കാര്യം ഇതൊക്കെയാണെങ്കിലും ഇന്ത്യയ്ക്ക് കരുത്താകുന്നത് ബൌളർമാർ തന്നെയാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും ബാറ്റ്സ്മാന്മാർ തിളങ്ങിയപ്പോൾ പിന്നീട് നടന്ന രണ്ട് കളികളിലും ഇന്ത്യയ്ക്ക് രക്ഷകരായത് ബൌളർമാർ ആണ്. ഈ ലോകകപ്പിൽ എതിരാളികളായ ടീമുകൾ ഭയക്കുന്നത് ഇന്ത്യയുടെ ബൌളർമാരെ ആണെന്ന് പറയാം.
നിശ്ചിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർ ആയി ബുംമ്ര മാറിക്കഴിഞ്ഞു. മനസിൽ എന്ത് വിചാരിക്കുന്നോ അതായി എറിയുന്ന പന്തിനെ മാറ്റാനുള്ള കഴിവ് ബുംമ്രയ്ക്കുണ്ട്. അഫ്ഗാനെതിരായ കളിയിൽ ഇന്ത്യയെ ജയിപ്പിച്ചതിൽ ബുംമ്ര വീഴ്ത്തിയ രണ്ട് വിക്കറ്റുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്.
ഭുവിക്കു പരുക്കേറ്റപ്പോൾ പകരമെത്തിയ മുഹമ്മദ് ഷമി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. പകരക്കാരനെന്ന് പറഞ്ഞാൽ ഇതാണ്. 2 കളികളിൽ 8 വിക്കറ്റു വീഴ്ത്തി ഇന്ത്യയുടെ 2 വിജയങ്ങളിൽ പങ്കാളിയായി. തന്റെ ആദ്യ മത്സരത്തിൽ ഷമി ഹാട്രിക് കുറിച്ചെങ്കിൽ, വിൻഡീസിനെതിരെ അടുത്തടുത്ത 2 പന്തുകളിൽ വിക്കറ്റുകൾ നേടി.
കൂറ്റനടികൾക്ക് ശ്രമിക്കുന്ന ബാറ്റ്സ്മാന്മാരെ എറിഞ്ഞ് വീഴ്ത്താൻ ഇവർക്കാകുന്നുവെന്നതാണ് ഇന്ത്യയ്ക്ക് ആശ്വാസമേകുന്നത്. മധ്യ ഓവറുകളിൽ ഇവരുയർത്തുന്ന ഭീഷണി അതിജീവിക്കാൻ എതിരാളികൾ പെടാപ്പാട് പെടുകയാണ്.