ഹെയ്‌സല്‍വുഡിനെ ആര്‍സിബി റിലീസ് ചെയ്യാന്‍ കാരണം ഇതാണ്

തിങ്കള്‍, 27 നവം‌ബര്‍ 2023 (13:17 IST)
മികച്ച താരങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും ഇതുവരെ ഒരു ഐപിഎല്‍ കിരീടം പോലും നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി കിരീടം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍. അതിനിടയിലാണ് അടുത്ത സീസണ് മുന്നോടിയായി ആര്‍സിബി റിലീസ് ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ഉണ്ടെന്ന് ആരാധകര്‍ അറിഞ്ഞത്. ഹെയ്‌സല്‍വുഡിനെ പോലൊരു എക്‌സ്പീരിയന്‍സ്ഡ് ബൗളറെ റിലീസ് ചെയ്യുന്നത് മണ്ടത്തരമാണെന്ന് ആരാധകര്‍ വിധിയെഴുതി. എന്നാല്‍ ഹെയ്‌സല്‍വുഡിനെ റിലീസ് ചെയ്യാനുള്ള ആര്‍സിബി തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് വേണം വിലയിരുത്താന്‍. 
 
2024 ഐപിഎല്‍ സീസണില്‍ പകുതിയോളം മത്സരങ്ങള്‍ ഹെയ്‌സല്‍വുഡ് കളിക്കില്ല. ഭാര്യ ഗര്‍ഭിണിയായതിനാല്‍ പ്രസവ സമയത്ത് അവര്‍ക്കൊപ്പം ആയിരിക്കാനാണ് ഹെയ്‌സല്‍വുഡ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ ആദ്യ ഏഴ് മത്സരങ്ങളെങ്കിലും ഹെയ്‌സല്‍വുഡിന് നഷ്ടമാകും. ഈ സാഹചര്യത്തിലാണ് താരത്തെ റിലീസ് ചെയ്യാന്‍ ആര്‍സിബി തീരുമാനിച്ചത്. 
 
2022 മെഗാ താരലേലത്തിലാണ് 7.75 കോടിക്ക് ആര്‍സിബി ഹെയ്‌സല്‍വുഡിനെ സ്വന്തമാക്കിയത്. ഇത്തവണത്തെ ലേലത്തില്‍ ഹെയ്‌സല്‍വുഡിനെ വീണ്ടും സ്വന്തമാക്കാന്‍ ആര്‍സിബിക്ക് അവസരമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍