സഞ്ജുവിനെ ഭയമോ? തഴഞ്ഞവരുടെ നെഞ്ചിൽ കസേര വലിച്ചിട്ട് അവൻ ഒരു ദിവസം ഇരിക്കും, കാത്തിരിക്കാം കത്തിക്കയറുന്ന ഒരു ദിവസത്തിനായി!
തിങ്കള്‍, 11 നവംബര്‍ 2019 (10:26 IST)
മലയാളി താരം സഞ്ജു വി സാംസണ്‍ ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പരമ്പര കൂടി അവസാനിച്ചിരിക്കുന്നു. മലയാളി ക്രിക്കറ്റ് ആരാധകരെല്ലാം കടുത്ത നിരാശയിലാണ്. പതിവ് പോലെ ടീമിന്റെ ഭാഗമാകുക എന്നത് മാത്രമാണ് ഇത്തവണയും സഞ്ജുവിന് ലഭിച്ച ആകെ നേട്ടം. അവശേഷിച്ച അവസാന മത്സരത്തിലും സഞ്ജുവിനെ പങ്കെടുപ്പിച്ചില്ല. ടീം ഇന്ത്യയില്‍ സഞ്ജു ഒരു തവണ കൂടി ജഴ്‌സി അണിയണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ഐപിഎല്ലിലും ഇന്ത്യ എ ടീമിനായും വിജയ് ഹാസര ട്രോഫിയിലുമെല്ലാം കാഴ്ച്ചവെച്ച അതിഗംഭീര പ്രകടനമാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ കാരണമായത്. ഇത് മൂന്നാം തവണയാണ് സഞ്ജുവിന്റെ പേര് ടീമിൽ ഉൾപ്പെടുന്നത്. അതിൽ ഒരിക്കൽ മാത്രമാണ് സഞ്ജു കളിച്ചത്. മറ്റ് രണ്ട് തവണയും സഞ്ജുവിനെ വെറുതേ ഇരുത്തുക മാത്രമാണ് അതാത് നായകന്മാർ ചെയ്തത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 സീരീസും അവസാനിച്ചപ്പോൾ ഗ്രൌണ്ടിലിറങ്ങാൻ ഭാഗ്യമില്ലാതെ സഞ്ജു മടങ്ങി. സിരീസിലുടനീളം പകരക്കാരന്റെ കുപ്പായമണിഞ്ഞ് സഞ്ജു സൈഡ് ബഞ്ചിലിരുന്നു. ക്ലാസും മാസും ഒത്തുചേരുന്ന ബാറ്റ്സ്മാനാണ് സഞ്ജു. എന്നിട്ടും ക്യാപ്റ്റൻ രോഹിത് ശർമ സഞ്ജുവിനെ തടഞ്ഞതെന്തുകൊണ്ട്?
അവസാനമത്സരത്തിൽ ക്രുനാൽ പണ്ഡ്യയ്ക്കുപകരം മനീഷ് പാണ്ഡേ ആണ് കളിച്ചത്. മനീഷിന് ഒരു അന്താരാഷ്ട്ര കരിയറുണ്ടാക്കാൻ ഇന്ത്യൻ ടീം ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ സഞ്ജുവിനെ പരീക്ഷിക്കുന്നതിൽ എന്തായിരുന്നു തെറ്റ് എന്ന് ചോദിച്ചാലും അത് മാന്യതയില്ലാത്ത ചോദ്യമാകില്ല.
ടീം സെലക്ഷന്റെ മാനദണ്ഡം മെറിറ്റ് മാത്രമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മത്സരശേഷം ആരാധകർ പലരും പറയുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ ലോബികൾ എപ്പോഴും സജീവമാണ്. സഞ്ജു മലയാളിയായത് കൊണ്ടാണോ ഈ വിവേചനമെന്നും ചോദ്യമുയരുന്നു.
ഭാവിയിൽ സഞ്ജു ഇന്ത്യൻ ടീമിൽ കളിച്ചേക്കാം. പക്ഷേ അപ്പോഴും ചുരുക്കം കളികൾ കൊണ്ട് അയാൾ കഴിവ് തെളിയിക്കേണ്ടിവരും. സഞ്ജുവിന്റെ സമകാലികരായ യുവതാരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ടീമില്‍ ഇതിനോടകം നിരവധി അവസരങ്ങള്‍ ലഭിച്ചുകഴിഞ്ഞു.
എന്നാല്‍ ഈ സൂപ്പര്‍ ഹീറോയെ ആരൊക്കെയോ ഭയക്കുന്നു എന്ന തോന്നലാണ് സഞ്ജുവിന് നിരന്തരമായി ലഭിക്കുന്ന ഈ അപമാനം സൂചിപ്പിക്കുന്നത്. ഒരിക്കല്‍ സഞ്ജു ടീം ഇന്ത്യയെ ഭരിക്കുന്ന ഒരു കാലം വരും. വെളിച്ചത്തെ ഇരുട്ട് കൊണ്ട് തടുക്കാനാകില്ലല്ലോ.