ധോണി പിന്നിലേക്ക്; ഒരു ജയത്തിനപ്പുറം കോഹ്‌ലിയെ തേടി മറ്റൊരു റെക്കോര്‍ഡ്
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരം നാളെ ജമൈക്കയിൽ ആരംഭിക്കും. ഈ പോരാട്ടത്തിലും ടീം വിജയം കുറിച്ചാല്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടി എത്തും.
ഏറ്റവും കൂടുതല്‍ ടെസ്‌റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്‌റ്റനെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് കോഹ്‌ലി. ധോണി 60 മത്സരങ്ങളില്‍ 27 ജയങ്ങള്‍ നേടിയപ്പോള്‍ കോലി 47 ടെസ്റ്റുകളില്‍ ഇത്രയും ജയത്തിലെത്തി.
രണ്ടാം ടെസ്‌റ്റിലും ഇന്ത്യ ജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായ ധോണിയുടെ നേട്ടം പഴങ്കതയാകും. പുതിയ റെക്കോര്‍ഡ് കോഹ്‌ലിയുടെ പേരില്‍ കുറിക്കപ്പെടുകയും ചെയ്യും.
ആന്‍റിഗ്വ ടെസ്‌റ്റില്‍ ജസ്‌പ്രിത് ബുമ്രയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിന്റെ കരുത്തില്‍ 318 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 419 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 100 റൺസിന് പുറത്താവുകയായിരുന്നു.