'അത് ക്രിക്കറ്റല്ല, മോശം പ്രവൃത്തി'; ഇഷാന്‍ കിഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

വ്യാഴം, 19 ജനുവരി 2023 (11:15 IST)
ന്യൂസിലന്‍ഡ് നായകന്‍ ടോം ലാതം ബാറ്റ് ചെയ്യുന്നതിനിടെ ഗ്ലൗസ് കൊണ്ട് സ്റ്റംപ്‌സ് ഇളക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ രൂക്ഷമായി വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 16-ാം ഓവറിലായിരുന്നു സംഭവം. ഗ്ലൗസ് കൊണ്ട് സ്റ്റംപ്‌സ് ഇളക്കിയ ശേഷം ഇഷാന്‍ കിഷന്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. ഹിറ്റ് വിക്കറ്റാണെന്ന് കരുതി അംപയര്‍ മൂന്നാം അംപയറുടെ സഹായം തേടുകയും ചെയ്തു. അപ്പോഴാണ് ഇഷാന്‍ കിഷന്‍ കാണിച്ച കുസൃതിയാണ് സംഭവമെന്ന് മനസ്സിലായത്. 
 
ടോം ലാതത്തിന്റെ ബാറ്റോ ശരീരമോ വിക്കറ്റില്‍ തട്ടിയിട്ടില്ലെന്ന് റിപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇഷാന്‍ കിഷന്‍ ഗ്ലൗസ് കൊണ്ട് ബെയ്ല്‍സ് ഇളക്കുന്നതും കാണാം. കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍ ഇഷാന്‍ കിഷന്റെ പ്രവൃത്തിയെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. 
 
ഒരു കുസൃതിക്ക് വേണ്ടിയാണ് ഇത് ചെയ്തതെങ്കില്‍ ഇഷാന്‍ ഒരിക്കലും വിക്കറ്റിനായി അപ്പീല്‍ ചെയ്യാന്‍ പാടില്ലായിരുന്നു. ക്രിക്കറ്റിനു യോജിച്ച കാര്യമല്ല ഇഷാന്‍ കിഷന്‍ ചെയ്തതെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്ന മുരളി കാര്‍ത്തിക്കും ഇഷാന്റെ പ്രവൃത്തിയെ വിമര്‍ശിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍