ഇന്ത്യൻ ക്രിക്കറ്റിൽ ഇനി പരീക്ഷണ നാളുകള്‍, പരിശീലകനായി രാഹുൽ ദ്രാവിഡ് ?

ഞായര്‍, 12 മാര്‍ച്ച് 2017 (11:36 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകന് ഇനി രാഹുൽ ദ്രാവിഡ്. അനിൽ കുംബ്ലെ അടുത്തമാസത്തോടെ ഡയറക്ടറായി സ്ഥാനമേല്‍ക്കുമ്പോൾ തൽസ്ഥാനത്ത്  ദ്രാവിഡായിരിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാൽ ഇതുസംബന്ധിച്ച  സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 
 
ഓസീസിനെതിരായ പരമ്പര പരിശീലകനെന്ന നിലയില്‍ കുംബ്ലെയുടെ അവസാന ടെസ്റ്റാകുമെന്നും ഏപ്രില്‍ 14ന് അദ്ദേഹം ഡയറക്ടറായി സ്ഥാനമേല്‍ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കുംബ്ലെ ഡയറക്ടർ സ്ഥാനത്തേക്കെത്തിയാല്‍ തല്‍‌സ്ഥാനത്തേക്ക് പരിശീലകനായി നിലവില്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമിന്റെയും എ ടീമിന്റെയും പരിശീലകനായ ദ്രാവിഡിനെ നിയമിക്കാനുള്ള നീക്കത്തിലാണ്.  
 
ഇന്ത്യയുടെ എല്ലാ ടീമുകളെയും പ്രവര്‍ത്തനങ്ങള്‍ ഒരാൾ തന്നെ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് മാറ്റം വരുത്താന്‍ പുതിയ ഭരണസമിതി ആലോചിക്കുന്നുണ്ട്. 
 
ബിസിസിഐ ടീമുകളുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയില്‍ നിന്ന് ഒരാളെ ചുമതലയേല്‍പ്പിക്കുന്നതായും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക