ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി?, ടെസ്റ്റ് ഒഴിവാക്കി ഫ്രാഞ്ചൈസി ലീഗ് കളിക്കാനൊരുങ്ങി ഷഹീൻ അഫ്രീദി

അഭിറാം മനോഹർ

ചൊവ്വ, 24 ഡിസം‌ബര്‍ 2024 (18:40 IST)
ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് പാകിസ്ഥാന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. പാകിസ്ഥാനിലും യുഎഇയിലുമായി നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കാനായി വിശ്രമം ആവശ്യമുണ്ടെന്നാണ് ഷഹീന്‍ വ്യക്തമാക്കിയത്.
 
ആവശ്യം പരിഗണിച്ച് 2 ടെസ്റ്റുകളടങ്ങിയ പരമ്പരയിലേക്കുള്ള പാക് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയില്ല. പൂര്‍ണ ആരോഗ്യവാനായി ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ അവസരം വേണമെന്ന് ഷഹീന്‍ തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് പാക് ടീമിന്റെ താത്കാലിക പരിശീലകന്‍ അക്വിബ് ജാവേദ് വെളിപ്പെടുത്തി. അതേസമയം ടെസ്റ്റ് ടീമില്‍ നിന്നും പിന്മാറിയ ഷാഹീന്‍ അഫ്രീദി ഫെബ്രുവരി 7ന് ആരംഭിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കും. ബിപിഎല്‍ കളിക്കാനും പാക് ബോര്‍ഡ് ഷഹീന്‍ അഫ്രീദിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
 
ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര ഏകദിനം, പിന്നാലെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി പോരാട്ടങ്ങളില്‍ പാക് ടീമില്‍ കളിക്കാനുള്ള സന്നദ്ധത താരം ബോര്‍ഡിനോട് വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞാല്‍ അതിന് ശേഷമുള്ള ടെസ്റ്റ് പരമ്പരകള്‍ക്കായി തന്നെ തിരെഞ്ഞെടുക്കാമെന്നും ഷഹീന്‍ വ്യക്തമാക്കിയതായി പാക് അധികൃതര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍