രാജസ്ഥാന് റോയല്‍സ് നായകന്‍ സഞ്ജു സാംസണെതിരെ ആരാധകര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ പത്ത് റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ആരാധകര്‍ സഞ്ജുവിന്റെ ശൈലിക്കെതിരെ രംഗത്തെത്തിയത്. സ്വന്തം വിക്കറ്റ് ഒരു വിലയുമില്ലാതെ വലിച്ചെറിയുന്ന സ്വഭാവം കാരണമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാത്തതെന്ന് ആരാധകര്‍ പറയുന്നു. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ സഞ്ജു റണ്‍ഔട്ട് ആകുകയായിരുന്നു. ജോസ് ബട്‌ലറുടെ പിഴവിന് സ്വന്തം വിക്കറ്റ് ത്യാഗം ചെയ്യുകയായിരുന്നു സഞ്ജു.
ജോസ് ബട്ലര്‍ക്ക് വേണ്ടി എന്തിനാണ് സഞ്ജു സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞതെന്നും അതാണ് രാജസ്ഥാന്‍ കളി തോല്‍ക്കാന്‍ കാരണമെന്നും ആരാധകര്‍ പറഞ്ഞു. ഒരുപക്ഷേ സഞ്ജു ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ രാജസ്ഥാന് ജയിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ആരാധകരുടെ വാദം. നാല് പന്തില്‍ രണ്ട് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 13-ാം ഓവറിലാണ് സഞ്ജുവിന്റെ റണ്‍ഔട്ട്. ജോസ് ബട്ലര്‍ സിംഗിളിനായി ശ്രമിച്ച പന്തില്‍ ഓടിയപ്പോഴാണ് സഞ്ജു പുറത്തായത്.
ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്ക് കളിച്ച പന്തില്‍ അതിവേഗ സിംഗിളിനായി ജോസ് ബട്ലര്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടിയെത്താന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ സഞ്ജു ആദ്യം സിംഗിള്‍ നിഷേധിക്കുന്നുണ്ട്. അപ്പോഴേക്കും ബട്ലര്‍ ക്രീസില്‍ നിന്ന് പുറത്തിറങ്ങി. ബട്ലറുടെ വിക്കറ്റ് സംരക്ഷിക്കാന്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് സഞ്ജു സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുകയായിരുന്നു. അതായത് ബട്ലര്‍ക്ക് വേണ്ടി അറിഞ്ഞുകൊണ്ട് സഞ്ജു തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു.
ആരാധകരെ ഇത് ചെറിയ തോതിലൊന്നും അല്ല ചൊടിപ്പിച്ചത്. സഞ്ജു അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഒരിക്കലും സിംഗിള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത പന്തായിരുന്നു അത്. ബട്ലറോട് തിരിച്ച് പോകാനാണ് സഞ്ജു ആവശ്യപ്പെടേണ്ടിയിരുന്നത്. ക്രിക്കറ്റ് ത്യാഗത്തിന്റെ കളിയൊന്നും അല്ലെന്ന് സഞ്ജു മനസിലാക്കണം. നൂറില്‍ താഴെ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുകയായിരുന്ന ബട്ലറെ സംരക്ഷിക്കുന്നതിനേക്കാള്‍ സഞ്ജു അവിടെ തുടരുന്നത് തന്നെയായിരുന്നു ആ സമയത്ത് ടീമിന് ഗുണകരമെന്നും ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു വിവേകത്തോടെ ആ സാഹചര്യത്തെ നേരിടേണ്ടിയിരുന്നെന്നും ആരാധകര്‍ പറയുന്നു.