സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്ക് ! അവസരം തുലച്ചല്ലോ എന്ന് ആരാധകര്‍

തിങ്കള്‍, 4 ജൂലൈ 2022 (08:26 IST)
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി ! നോര്‍ത്താംപ്റ്റണ്‍ഷെയറിനെതിരായ മത്സരത്തില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ സഞ്ജു എല്‍ബിഡബ്‌ള്യുവായി. ഓപ്പണറായാണ് സഞ്ജു ക്രീസിലെത്തിയത്. ജോഷ് കോബാണ് സഞ്ജുവിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള സ്‌ക്വാഡിലാണ് സഞ്ജു ഇടംപിടിച്ചിരിക്കുന്നത്. ഇന്നലെ നടന്ന രണ്ടാം സന്നാഹ മത്സരത്തില്‍ തിളങ്ങിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തില്‍ സഞ്ജുവിന് സ്ഥാനം ഉറപ്പായിരുന്നു. എന്നാല്‍ ഗോള്‍ഡന്‍ ഡക്കായതോടെ അവസരം തുലച്ചല്ലോ എന്നാണ് ആരാധകരുടെ വിഷമം. ആദ്യ സന്നാഹ മത്സരത്തില്‍ സഞ്ജു 38 റണ്‍സ് നേടിയിരുന്നു. 
 
അതേസമയം, ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ആദ്യ മത്സരത്തിന്റെ സ്‌ക്വാഡില്‍ മാത്രം സഞ്ജുവിനെ ഉള്‍പ്പെടുത്തിയതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. വിരാട് കോലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനു ശേഷം തിരിച്ചെത്തുന്നതോടെ ശേഷിക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ മാറ്റം വരുന്നു. സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ പുറത്തിരിക്കേണ്ടി വരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. 
 
വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ തിരിച്ചെത്തുന്നതോടെ ഒന്നാം ട്വന്റി 20 സ്‌ക്വാഡില്‍ ഉണ്ടായിരുന്ന സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപതി, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്ക് രണ്ട്, മൂന്ന് ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് സ്ഥാനം നഷ്ടമാകുന്നു. ഇത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. 
 
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തില്‍ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നിട്ടും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ റിഷഭ് പന്ത് തിരിച്ചെത്തുമ്പോള്‍ സഞ്ജുവിനെ ഒഴിവാക്കുന്നതില്‍ എന്ത് ന്യായീകരണമാണ് ഉള്ളതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേര്‍ ചോദിച്ചിരിക്കുന്നു. സഞ്ജുവിനോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. ബിസിസിഐയും സെലക്ടര്‍മാരും നോര്‍ത്ത് ഇന്ത്യന്‍ ലോബിയായി പ്രവര്‍ത്തിക്കുകയാണ്. ഇതിനേക്കാള്‍ നല്ലത് സഞ്ജുവിനെ ഒരു കളിയിലും ടീമിലെടുക്കാത്തതാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 
 
ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപതി, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക്ക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് 
 
രണ്ട്, മൂന്ന് ട്വന്റി 20 മത്സരത്തിനുള്ള ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ഹാര്‍ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്
 
മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍