ഒരു സൂപ്പർ ടീമിനെ തയ്യാറാക്കി മോർഗൻ പടിയിറങ്ങി, രോഹിത് ഇംഗ്ലണ്ട് മുൻ നായകനെ കണ്ടുപഠിക്കണമെന്ന് വിമർശനം

തിങ്കള്‍, 14 നവം‌ബര്‍ 2022 (15:54 IST)
ടി20 ലോകകപ്പിൽ ജോസ് ബട്ട്‌ലറിൻ്റെ നേതൃത്വത്തിലാണ് കിരീടവിജയം നേടിയതെങ്കിലും ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് മുൻ നായകൻ ഓയിൻ മോർഗാനുകൂടി അവകാശപ്പെട്ടതാണ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം മുൻ നായകൻ ഓയ്ൻ മോർഗൻ്റേതായിരുന്നു. മോർഗാൻ്റെ കീഴിൽ അണിനിരന്നതാരങ്ങളെ ഉപയോഗിക്കുക മാത്രമെ ബട്ട്‌ലർക്ക് ഇത്തവണ ചെയ്യാനുണ്ടായിരുന്നത്.
 
കരിയറിൽ മോശം പ്രകടനം തുടരുമ്പോഴും നായകനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന മോർഗൻ്റെ ടി20യിൽ നിന്നുള്ള വിരമിക്കുന്ന തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. ഇതോടെയാണ് ജോസ് ബട്ട്‌ലർക്ക് ഇംഗ്ലണ്ട് നായകസ്ഥാനം ലഭ്യമായത്. മോശം ഫോമിനെ തുടർന്ന് ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ ഇംഗ്ലണ്ട് ടീമിനായി. മോർഗൻ്റെ കീഴിൽ ഉണ്ടായിരുന്ന താരങ്ങൾ തന്നെയായിരുന്നു ബട്ട്‌ലർക്ക് കീഴിലും ലോകകപ്പിൽ അണിനിരന്നത്.
 
തുടക്കത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിൽക്കുക അവസാനം ആഞ്ഞടിക്കുക എന്ന സമീപനത്തിൽ കൃത്യമായ മാറ്റം വരുത്തി എന്നതാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന് മോർഗൻ നൽകിയ സംഭാവന. തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഒരു സംഘത്തെ മോർഗൻ കെട്ടിപ്പടുത്തപ്പോൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ 2 ലോക കിരീടങ്ങളാണ് 3 വർഷത്തിനുള്ളിൽ ഇംഗ്ലണ്ട് സെൽഫിൽ എത്തിചേർന്നത്.
 
ഇന്ത്യൻ ക്രിക്കറ്റും ഈ ഒരു സമീപനരീതിയിലേക്ക് മാറുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പ്രഖ്യാപിച്ചിരുന്നെങ്കിലും പഴയ സമീപനം തന്നെയാണ് ഇന്ത്യൻ ഓപ്പണർമാർ ടൂർണമെൻ്റിൽ പിന്തുടർന്നത്. ബാറ്റർ എന്ന നിലയിൽ കാര്യമായ സംഭാവന ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിൽ ഓയ്ൻ മോർഗനെ പോലെ ഒരു ഭാവി ടീമിനെ തയ്യാറാക്കി ടി20 ക്രിക്കറ്റിൽ നിന്നും രോഹിത് വിരമിക്കണമെന്നാണ് വിമർശകർ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍