ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ച്ചയോടെ തുടങ്ങി ഇന്ത്യ. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകും മുന്‍പ് ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരും ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ എന്നിവരുമാണ് പുറത്തായത്.
23 ബോളില്‍ 12 റണ്‍സെടുത്താണ് രോഹിത് ശര്‍മ പുറത്തായത്. അതേസമയം ആദ്യ ഓവറില്‍ തന്നെ രോഹിത് രണ്ട് തവണ പുറത്തായതാണ്. ഭാഗ്യം തുണച്ചതുകൊണ്ട് മാത്രമാണ് അപ്പോള്‍ മടങ്ങാതിരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രോഹിത് ക്യാച്ച് ഔട്ടായി. കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ഔട്ട്‌സൈഡ് എഡ്ജ് ഉണ്ടായിരുന്നു എന്ന് അള്‍ട്രാ എഡ്ജ് പരിശോധനയില്‍ വ്യക്തമായി. പക്ഷേ ഓസ്‌ട്രേലിയ വിക്കറ്റിനായി റിവ്യു ചെയ്തിരുന്നില്ല. അതോടെ രോഹിത്തിന് തുണയായി.
ഇതേ ഓവറിലെ തന്നെ നാലാം പന്തിലും രോഹിത് എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുരുങ്ങി. അപ്പോഴും സംശയത്തിന്റെ പുറത്ത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് റിവ്യു ആവശ്യപ്പെട്ടില്ല. എന്നാല്‍ അത് ഔട്ട് ആയിരുന്നെന്ന് പിന്നീട് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. എന്നാല്‍ ഈ രണ്ട് അവസരവും മുതലെടുക്കാന്‍ രോഹിത്തിന് സാധിച്ചില്ല.