ഡല്‍ഹിയെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസിന്റെ ആഞ്ചാം കിരീടവും തന്റെ ആറാം ഐപിഎൽ കിരീടവും ഉയർത്തി ഐപിഎൽ ചരിത്രത്തിൽ തന്നെ അപൂർവതകളൂടെ നായകനായി നിൽക്കുകയാണ് രോഹിത് ശർമ്മ. ഐപിഎൽ കിരീടം സ്വന്തമാക്കിയ സന്തോഷത്തിലും.വാങ്കഡെയിൽ കളിയ്ക്കാനാവാത്തതിന്റെയും ആരാധകരെ കാണാൻ കഴിയാത്തതിന്റെയും വിഷമം രോഹിത് മറച്ചുവച്ചില്ല.
നിര്‍ഭാഗ്യം കാരണം കാണികൾക്ക് മുന്നിൽ കിരീടം ഉയർത്താനായില്ല. വാങ്കഡെയില്‍ കളിക്കുന്നത് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം അവിടേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. സൂര്യകുമാർ യാദവ് റണ്ണൗട്ടായതിൽ എനിയ്ക്ക് സങ്കടമുണ്ട്. അതും അത്ര മികച്ച ഫോമിൽ നിൽക്കുമ്പോൾ, എന്റെ വിക്കറ്റ് ഞാൻ അവനുവേണ്ടി ത്യജിയ്ക്കണമായിരുന്നു.
കഴിഞ്ഞ തവണത്തെ പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇത്തവണത്തെ സീസണിനായി ഇറങ്ങിയത്. സഹ താരങ്ങൾക്ക് പിന്നാലെ വടിയുമായി ഓടുന്ന ഒരു നായകനല്ല ഞാൻ. ആത്മവിശ്വാസം നൽകി വേണം അവരെ മുന്നോട്ടുകൊണ്ടുപോകാൻ. അവിടെ ശരിയായ ബാലൻസ് കണ്ടെത്തുക എന്നതാണ് പ്രധാനം. കളിയിൽ ആദ്യ പന്ത് മുതൽ ഞങ്ങൾക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ടീമിനായി പിന്നിൽ പ്രവർത്തിച്ച ഒരുപാട് പേർ ഈ കിരീടത്തിന്റെ ക്രഡിറ്റ് അർഹിയ്ക്കുന്നുണ്ട്. രോഹിത് പറഞ്ഞു.