ആർച്ചർ വന്നില്ലെങ്കിൽ ഇത്തവണയും മുംബൈയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി

ബുധന്‍, 16 നവം‌ബര്‍ 2022 (17:38 IST)
അടുത്തമാസം കൊച്ചിയിൽ നടക്കുന്ന ഐപിഎൽ താരലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസിന് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ലേലത്തിന് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം സമർപ്പിച്ചപ്പോൾ 13 താരങ്ങളെ മുംബൈ കൈവിട്ടിരുന്നു. അടുത്ത ഐപിഎല്ലിന് മുൻപ് പേസർ ജോഫ്ര ആർച്ചർ കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തിയില്ലെങ്കിൽ മുംബൈ വലിയ പ്രതിസന്ധിയിലാകുമെന്നാണ് ജാഫറിൻ്റെ മുന്നറിയിപ്പ്.
 
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് ജേസണ്‍ ബെഹന്‍ഡോര്‍ഫിനെ മാത്രമാണ് കൈമാറ്റത്തിലൂടെ മുംബൈ സ്വന്തമാക്കിയിട്ടുള്ളത്. ആർച്ചറും ബെഹൻഡോർഫുമടങ്ങുന്ന സഖ്യം മികച്ച പേസ് യൂണിറ്റാകാൻ സാധ്യതയുണ്ട്. എന്നാൽ സ്പിൻ വിഭാഗത്തിൽ മുംബൈ ദുർബലരാണ്. കുമാർ കാർത്തികേയ, ഹൃതിക് ഷൗക്കീൻ എന്നിവർ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല. സ്പിൻ വിഭാഗത്തിൽ പരിചയസമ്പന്നരായ താരങ്ങൾ മുംബൈയിലില്ല.
 
ടിം ഡേവിഡിനെ കളിപ്പിക്കുമ്പോൾ കൂടുതൽ വിദേശസ്പിന്നർമാരെ ടീമിലെടുക്കാനാകില്ല. ടിം ഡേവിഡ്, ട്രൈസ്റ്റന്‍ സ്റ്റബ്സ്, ആര്‍ച്ചര്‍, ബെഹന്‍ഡോര്‍ഫ് എന്നിവരാകുമ്പോള്‍ നാലു വിദേശ താരങ്ങളാകും. അതിനാൽ ഇന്ത്യൻ സ്പിന്നർമാരെ സ്വന്തമാക്കുകയാണ് മുംബൈയ്ക്ക് മുന്നിലുള്ള ഏക വഴി. വസീം ജാഫർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍